ആന്ധ്രയിലെ കർണൂലിൽ ഫാക്ടറിയിൽ വാതകചോർച്ച; ഒരാൾ മരിച്ചു, നാല് പേർ ആശുപത്രിയിൽ

ആന്ധ്രാപ്രദേശിലെ കർണൂലിൽ സ്പൈ അഗ്രോ ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന ഫാക്ടറിയിൽ നിന്ന് അമോണിയം വാതകം ചോർന്ന് ഒരാൾ മരിച്ചു. ഫാക്ടറി മാനേജർ ശ്രീനിവാസ റാവു ആണ് മരിച്ചത്.
 

ആന്ധ്രാപ്രദേശിലെ കർണൂലിൽ സ്‌പൈ അഗ്രോ ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന ഫാക്ടറിയിൽ നിന്ന് അമോണിയം വാതകം ചോർന്ന് ഒരാൾ മരിച്ചു. ഫാക്ടറി മാനേജർ ശ്രീനിവാസ റാവു ആണ് മരിച്ചത്. നാല് പേരെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അറ്റകുറ്റപ്പണി പൂർത്തിയാക്കി ഫാക്ടറി പ്രവർത്തനം പുനരാരംഭിക്കുന്നതിനിടെയാണ് ദുരന്തം. അമിത മർദത്തെ തുടർന്ന് പൈപ്പ് ലൈൻ പൊട്ടി വാതകം ചോരുകയായിരുന്നു. ഉടനെ തൊഴിലാളികളെ പ്രദേശത്ത് നിന്ന് മാറ്റിയതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു.

അതേസമയം പുറത്തിറങ്ങാനാകാതെ കുടുങ്ങിയ ശ്രീനിവാസ റാവു സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച നാല് തൊഴിലാളികളുടെ നില തൃപ്തികരമാണെന്ന് ജില്ലാ കലക്ടർ ജി വീരപാണ്ഡ്യൻ വ്യക്തമാക്കി. ചോർച്ച നിയന്ത്രിക്കാനുള്ള നടപടികൾ തുടരുകയാണ്.