എംഫാൻ ചുഴലിക്കാറ്റ്: ബംഗാളിൽ മാത്രം 72 മരണം; പ്രധാനമന്ത്രി സംസ്ഥാനം സന്ദർശിക്കണമെന്ന് മമത ബാനർജി

എംഫാൻ ചുഴലിക്കാറ്റിൽ പശ്ചിമ ബംഗാളിൽ മാത്രം 72 പേർ മരിച്ചതായി മുഖ്യമന്ത്രി മമതാ ബാനർജി. സംസ്ഥാനത്തിന് കൂടുതൽ കേന്ദ്രസഹായം വേണമെന്ന് മമതാ ബാനർജി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി സംസ്ഥാനം
 

എംഫാൻ ചുഴലിക്കാറ്റിൽ പശ്ചിമ ബംഗാളിൽ മാത്രം 72 പേർ മരിച്ചതായി മുഖ്യമന്ത്രി മമതാ ബാനർജി. സംസ്ഥാനത്തിന് കൂടുതൽ കേന്ദ്രസഹായം വേണമെന്ന് മമതാ ബാനർജി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി സംസ്ഥാനം സന്ദർശിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒറ്റ രാത്രി കൊണ്ട് കൊൽക്കത്തയെയും പരിസര ജില്ലകളിലും കനത്ത പ്രഹരമാണ് എംഫാൻ ഏൽപ്പിച്ചിരിക്കുന്നത്. നിലവിൽ കാറ്റ് സംസ്ഥാനത്ത് നിന്ന് അകന്നു പോയിട്ടുണ്ട്. കൊൽക്കത്തയിൽ മാത്രം 15 പേർ മരിച്ചു. സൗത്ത് പർഗനാസ് ജില്ലയിൽ 18 പേരും മരിച്ചു. മരം വീണും, വൈദ്യുതാഘാതമേറ്റുമാണ് കൂടുതൽ പേരും മരിച്ചത്.

ആയിരക്കണക്കിന് മരങ്ങൾ കടപുഴകി വീണു. പതിനായിരത്തിലധികം വീടുകൾ തകർന്നു. നിരവധി കെട്ടിടങ്ങൾ തകർന്നു. വൈദ്യുതി-വാർത്താവിനിമയ രംഗങ്ങൾ താറുമാറായി. ഒരു ലക്ഷത്തിലധികം കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചതായും മമതാ ബാനർജി പറഞ്ഞു

മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാളിലും ഒഡീഷയിലുമായി ദേശീയ ദുരന്തനിവാരണ സേനയുടെ 41 കമ്പനി സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.