ലോക്ക് ഡൗണിൽ പ്രണയവും ലോക്കായി; കാമുകനെ കാണാൻ യുവതി നടന്നത് 60 കിലോമീറ്റർ ദൂരം

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഗതാഗത സൗകര്യമൊക്കെ ഇല്ലാതായതോടെ അടുത്ത ജില്ലയിൽ താമസിക്കുന്ന കാമുകനെ കാണാൻ യുവതി നടന്നത് 60 കിലോമീറ്റർ ദൂരം. ആന്ധ്രാപ്രദേശിലാണ് സംഭവം. കൃഷ്ണ
 

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഗതാഗത സൗകര്യമൊക്കെ ഇല്ലാതായതോടെ അടുത്ത ജില്ലയിൽ താമസിക്കുന്ന കാമുകനെ കാണാൻ യുവതി നടന്നത് 60 കിലോമീറ്റർ ദൂരം. ആന്ധ്രാപ്രദേശിലാണ് സംഭവം. കൃഷ്ണ ജില്ലക്കാരിയായ 19കാരി ചിതികല ഭവാനിയാണ് ഇത്രയും ദൂരം നടന്ന് തന്റെ കാമുകനായ സായ് പുന്നയ്യയയുടെ വീട്ടിലെത്തിയത്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ ഇവർ വിവാഹിതരാകുന്നതിൽ ഭവാനിയുടെ വീട്ടുകാർക്ക് യോജിപ്പുണ്ടായിരുന്നില്ല. ഇതേ തുടർന്ന് ഇരുവരും ഒളിച്ചോടാൻ തീരുമാനിച്ചു. ഇതിനിടയിലാണ് കൊവിഡ് വ്യാപനം ശക്തമായതും രാജ്യത്ത് പ്രധാനമന്ത്രി 21 ദിവസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതും

ഇതോടെ ഇരുവരും അവരവരുടെ വീടുകളിൽ പരസ്പരം കാണാനാകാതെ കുടുങ്ങുകയായിരുന്നു. തുടർന്നാണ് ചിതികല രണ്ടും കൽപ്പിച്ച് സായിയുടെ വീട്ടിലേക്ക് നടക്കാൻ ആരംഭിച്ചത്. വൈകാതെ ഇരുവരും തമ്മിൽ വിവാഹിതരാകുകയും ചെയ്തു. എന്നാൽ ഭവാനിയുടെ വീട്ടുകാർ പിന്നാലെ ഭീഷണിയുമായി എത്തി. തുടർന്ന് പോലീസ് സംഭവത്തിൽ ഇടപെടുകയായിരുന്നു

സംരക്ഷണം ആവശ്യപ്പെട്ട് നവദമ്പതികൾ പോലീസ സ്‌റ്റേഷനിലെത്തിയതോടെയാണ് ചിതികലയുടെ 60 കിലോമീറ്റർ കാൽനട യാത്ര വാർത്തയായത്. ലോക്ക് ഡൗൺ ഇനിയും നീട്ടിയേക്കുമെന്ന സംശയത്തെ തുടർന്നാണ് താൻ നടന്നതെന്നും പുന്നയ്യയുടെ വീട്ടിലെത്തിയതെന്നും യുവതി പറഞ്ഞു. ചിതികലയുടെ വീട്ടുകാരെ വിളിച്ചു വരുത്തിയ ശേഷം കൗൺസിലിംഗ് കൂടി നൽകിയാണ് പോലീസ് മടക്കി അയച്ചത്.