ആന്ധ്രയിൽ വാർഡനെ ചുറ്റിക കൊണ്ട് ആക്രമിച്ച് രണ്ട് തടവുകാർ ജയിൽ ചാടി
Sep 6, 2025, 15:45 IST
ആന്ധ്രപ്രദേശിലെ അനകപള്ളി ജില്ലയിൽ വാർഡനെ ആക്രമിച്ച് രണ്ട് തടവുകാർ ജയിൽ ചാടി. ചോടവാരം സബ് ജയിലിൽ നിന്നാണ് നക്ക രവികുമാർ, ബെസവാഡ രാമു എന്നീ രണ്ട് തടവുകാരാണ് ജയിൽ വാർഡൻ വീരാജുവിനെ ആക്രമിച്ച് രക്ഷപ്പെട്ടത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അടുക്കള ഡ്യൂട്ടിയിലായിരുന്ന തടവുകാർ ജയിൽ ജീവനക്കാരെ ആക്രമിച്ച് രക്ഷപ്പെടുന്നത് ദൃശ്യങ്ങളിൽ കാണാം. പെൻഷൻ ഫണ്ട് ദുരുപയോഗം ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട നക്ക രവികുമാറാണ് ഹെഡ് വാർഡനെ ചുറ്റിക കൊണ്ട് ആക്രമിച്ചത്.
പിന്നാലെ രവികുമാറും മോഷണക്കുറ്റത്തിന് ജയിലിലായ രാമുവും രക്ഷപ്പെടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ വീരാജുവിനെ ചോടവാരം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾക്കായി തെരച്ചിൽ വ്യാപകമാക്കിയിട്ടുണ്ട്.