അണ്ണാമലെ രാജിവെച്ചു; രാജിക്കത്ത് കൈമാറി: സ്ഥികരിക്കാത്തെ ബിജെപി
ന്യൂഡൽഹി: തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷനും ദക്ഷിണേന്ത്യയിലെ പാർട്ടിയുടെ പ്രമുഖ മുഖവുമായ കെ. അണ്ണാമലൈ ബിജെപിയിൽ നിന്നും രാജി സമർപ്പിച്ചതായി ശക്തമായ റിപ്പോർട്ടുകൾ. ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ഉൾപ്പെടെയുള്ള മുതിർന്ന കേന്ദ്ര നേതൃത്വവുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അദ്ദേഹം രാജിക്കത്ത് കൈമാറിയെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നുള്ള സൂചന. എന്നാൽ അണ്ണാമലൈയുടെ രാജി വാർത്തകൾ ബിജെപി ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി കേന്ദ്ര നേതൃത്വവുമായി അണ്ണാമലൈ അത്ര നല്ല രസത്തിലല്ലായിരുന്നു. തമിഴ്‌നാട്ടിൽ സ്വതന്ത്രമായി പാർട്ടിയെ നയിക്കാൻ ദീർഘകാല സ്വയംഭരണാധികാരം വേണമെന്ന അദ്ദേഹത്തിന്റെ ആവശ്യം കേന്ദ്ര നേതൃത്വം അംഗീകരിക്കാതിരുന്നതാണ് പെട്ടെന്നുള്ള ഈ നീക്കത്തിന് പിന്നിലെന്നാണ് വിവരം. കൂടാതെ, എഐഎഡിഎംകെയുമായുള്ള (AIADMK) സഖ്യരൂപീകരണത്തിലും സ്ഥാനാർത്ഥി നിർണ്ണയത്തിലും അണ്ണാമലൈയ്ക്ക് കടുത്ത വിയോജിപ്പുകളുണ്ടായിരുന്നു.
നടൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവും നിയമസഭാ തിരഞ്ഞെടുപ്പിലെ അദ്ദേഹത്തിന്റെ പാർട്ടിയുടെ (TVK) മുന്നേറ്റവും തമിഴ്‌നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിമറിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബിജെപി വിട്ട് തമിഴ് വികാരവും ദേശീയ കാഴ്ചപ്പാടുമുള്ള ഒരു പുതിയ 'സെക്കുലർ' പ്രാദേശിക പാർട്ടി രൂപീകരിക്കാനാണ് അണ്ണാമലൈയുടെ നീക്കമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചന നൽകുന്നു.