കേന്ദ്ര ഏജൻസികളെ പ്രതിപക്ഷത്തിനെതിരായ ആയുധമാക്കുന്നു; പ്രധാനമന്ത്രിക്ക് കത്തെഴുതി പ്രതിപക്ഷം
 

 

ഡൽഹി മുൻ മുഖ്യമന്ത്രിയും എഎപി നേതാവുമായ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ബിആർഎസ്, തൃണമൂൽ കോൺഗ്രസ്, ആംആദ്മി, ആർജെഡി, നാഷണൽ കോൺഫറൻസ്, ശിവസേന, സമാജ് വാദി പാർട്ടി നേതാക്കളാണ് സംയുക്തമായി കത്തെഴുതിയത്. 

സിബിഐയെയും ഇഡിയെയും കേന്ദ്രം പ്രതിപക്ഷ കക്ഷികൾക്കെതിരായ ആയുധമായി ഉപയോഗിക്കുന്നുവെന്ന് കത്തിൽ നേതാകക്ൾ ആരോപിച്ചു. സിസോദിയയുടെ അറസ്റ്റ് തെളിവുകളുടെ അടിസ്ഥാനമില്ലാതെയാണ്. 2014ന് ശേഷം അറസ്റ്റ് ചെയ്യപ്പെട്ടതും റെയ്ഡ് ചെയ്യപ്പെട്ടതും ചോദ്യം ചെയ്യപ്പെട്ടതും കൂടുതലും പ്രതിപക്ഷത്ത് നിന്നുള്ള നേതാക്കളാണ്. ബിജെപി ഭരണത്തിൽ ഇന്ത്യയിലെ ജനാധിപത്യ മൂല്യങ്ങൾ ഭീഷണിയിലാണ് എന്ന് ലോകം സംശയിക്കുന്നു

അഴിമതിക്കാരായ നേതാക്കൾ ബിജെപിയിൽ ചേരുന്നതോടെ അവർക്കെതിരായ നടപടികൾ ഇല്ലാതാകുന്നുവെന്നും കത്തിൽ ആരോപിക്കുന്നു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെയാണ് ഉദാഹാരണമായി ചൂണ്ടിക്കാണിക്കുന്നത്.