ജമ്മു കാശ്മീരിലെ സാംബയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി
May 9, 2025, 10:44 IST
ജമ്മു കാശ്മീർ അതിർത്തിയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ബിഎസ്എഫ് പരാജയപ്പെടുത്തി. സാംബ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയിലാണ് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്. രാത്രി 11 മണിയോടെയാണ് സംഭവമെന്ന് ബിഎസ്എഫ് എക്‌സിൽ അറിയിച്ചു. അതേസമയം ഇന്ത്യ-പാക് സംഘർഷം ശക്തമാകുന്ന പശ്ചാത്തലത്തിൽ ലോകരാജ്യങ്ങളുമായി കേന്ദ്ര സർക്കാർ സംസാരിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറാണ് വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുമായി സംസാരിച്ചതിന്റെ വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇന്ത്യ അളന്നുമുറിച്ചാണ് ആക്രമണം നടത്തിയതെന്നും എന്നാൽ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും കൂടുതൽ പ്രകോപനം ഉണ്ടായാൽ അതിനനുസരിച്ച് തിരിച്ചടിക്കുമെന്നാണ് ഇന്ത്യയുടെ നിലപാടെന്നും ഈ രാജ്യങ്ങളുടെ പ്രതിനിധികളെ അറിയിച്ചതായി ജയശങ്കർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റുകളിൽ പറഞ്ഞു.