അർണാബ് ഗോസ്വാമിയെ 14 ദിവസം റിമാൻഡ് ചെയ്തു; ജാമ്യം തേടി ഇന്ന് ഹൈക്കോടതിയെ സമീപിക്കും

ഇന്റീരിയർ ഡിസൈനറുടെ ആത്മഹത്യയിൽ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റിലായ റിപബ്ലിക് ടിവി മേധാവി അർണാബ് ഗോസ്വാമിയെ പതിനാല് ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അർണാബ് ഇന്ന് ബോംബെ ഹൈക്കോടതിയിൽ
 

ഇന്റീരിയർ ഡിസൈനറുടെ ആത്മഹത്യയിൽ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റിലായ റിപബ്ലിക് ടിവി മേധാവി അർണാബ് ഗോസ്വാമിയെ പതിനാല് ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അർണാബ് ഇന്ന് ബോംബെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകും. അപേക്ഷ ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് കോടതി പരിഗണിക്കും

ഇന്നലെ രാത്രി 11 മണി വരെ അലിബാഗ് കോടതിയിൽ വാദം നീണ്ടുനിന്നിരുന്നു. മഹാരാഷ്ട്ര പോലീസ് തന്നെ ആക്രമിച്ചു പരുക്കേൽപ്പിച്ചെന്ന അർണാബിന്റെ ആരോപണം മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ച ശേഷം കോടതി തള്ളി.

2018ൽ ആത്മഹത്യാ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെയും അന്വേഷണം നടത്തുമെന്ന് മുംബൈ പോലീസ് കോടതിയെ അറിയിച്ചു. അതേസമയം അർണാബിന്റെ അറസ്റ്റിൽ പൊള്ളിയ ബിജെപി ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. ബിജെപി നേതാക്കൾ ഗവർണറെ കാണും

അർണാബിനെതിരെ മറ്റൊരു കേസ് കൂടി പോലീസ് രജിസ്റ്റർ ചെയ്തു. കസ്റ്റഡിയിലെടുക്കാൻ വീട്ടിലെത്തിയ പോലീസ് സംഘത്തിലെ വനിതാ ഓഫീസറോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് കേസ്‌