{"vars":{"id": "89527:4990"}}

ആസാമിലെ ഒഴിപ്പിക്കൽ മുസ്‌ലിംകളെ മാത്രം ലക്ഷ്യമിട്ട്; ഹിമന്ത ബിശ്വ ശർമ

 
ഗുവാഹത്തി: ആസാമിൽ നടക്കുന്ന കുടിയൊഴിപ്പിക്കൽ മുസ്‌ലിം വിഭാഗത്തിൽപ്പെട്ടവരെ മാത്രം ലക്ഷ്യമിട്ടാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. മിയാ മുസ്‌ലിംകൾക്ക് മാത്രമാണ് തങ്ങളുടെ സർക്കാർ കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.   കഴിഞ്ഞ കുറച്ചുവർഷങ്ങളായി സർക്കാർ ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ ഊർജ്ജിതമായ നീക്കങ്ങളാണ് നടത്തിവരുന്നത്. ഈ വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. തദ്ദേശീയരായ ആരെയും ഒഴിപ്പിക്കില്ലെന്നും മിയാ വിഭാഗത്തിൽപ്പെട്ടവരെ മാത്രമാണ് ഒഴിപ്പിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. "കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. കുടിയൊഴിപ്പിക്കൽ ആരംഭിച്ചതിന് ശേഷം ഈ മിയാ മുസ്‌ലിംകൾ തങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിക്കാൻ തുടങ്ങി. കയ്യേറ്റക്കാർ അവരുടെ ഭൂമി ഒഴിപ്പിക്കാൻ തയ്യാറാകാത്തതുകൊണ്ട് മിക്കവാറും എല്ലാ ഒഴിപ്പിക്കൽ നോട്ടീസുകളും മിയാ മുസ്‌ലിംകൾക്കാണ് നൽകിയിട്ടുള്ളത്," - മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മിയാ മുസ്‌ലിംകൾ കയ്യേറ്റം ചെയ്ത ഭൂമിയിൽ ആസാം സ്വദേശികൾക്ക് പുനരധിവാസം നൽകാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു.