യെമൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പലിന് നേരെ ആക്രമണം; കപ്പൽ കടലിൽ മുങ്ങി, 14 ജീവനക്കാരും രക്ഷപ്പെട്ടു
സനാ / ന്യൂഡൽഹി: യെമൻ തീരത്തിന് സമീപം ചെങ്കടലിൽ ഇന്ത്യൻ ചരക്ക് കപ്പലിന് നേരെ ആക്രമണം. ആക്രമണത്തെ തുടർന്ന് 'ഫൈസ് നൂറേ ഒലിയ' (Faize Noore Oliya) എന്ന ഇന്ത്യൻ കപ്പൽ നിയന്ത്രണം വിട്ട് കടലിൽ മുങ്ങി. കപ്പലിലുണ്ടായിരുന്ന 13 ഇന്ത്യക്കാരും ഒരു യെമൻ പൗരനും ഉൾപ്പെടെ 14 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി.
യെമനിലെ അൽ ഹുദൈദ (Al Hudaydah) തീരത്തിന് 13 നോട്ടിക്കൽ മൈൽ തെക്കുമാറിയാണ് സംഭവം നടന്നത്. സ്ഫോടകവസ്തുക്കൾ നിറച്ച ബോട്ട് കപ്പലിലേക്ക് ഇടിച്ചു കയറ്റുകയോ മിസൈൽ/ഡ്രോൺ ആക്രമണം നടത്തുകയോ ആയിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
അപകടസൂചന ലഭിച്ചയുടൻ യെമൻ കോസ്റ്റ് ഗാർഡും നാവികസേനയും നടത്തിയ സംയുക്ത രക്ഷാപ്രവർത്തനത്തിലാണ് നാവികരെ രക്ഷപ്പെടുത്തി 'മൊഖ' (Mokha) തുറമുഖത്ത് എത്തിച്ചതെന്ന് കേന്ദ്ര കേന്ദ്ര തുറമുഖ-ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോണോവാൾ സ്ഥിരീകരിച്ചു. ജീവനക്കാർക്കെല്ലാം ആവശ്യമായ വൈദ്യസഹായം നൽകിയിട്ടുണ്ടെന്നും ആർക്കും പരിക്കുകളില്ലെന്നും അധികൃതർ വ്യക്തമാക്കി.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ലെങ്കിലും, മേഖലയിൽ സജീവമായ ഹൂതി വിമതരാകാം ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. സാധാരണക്കാരായ നാവികർ സഞ്ചരിക്കുന്ന ചരക്ക് കപ്പലുകൾക്ക് നേരെയുണ്ടാകുന്ന ഇത്തരത്തിലുള്ള അനാവശ്യ ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു.