തൃണമൂൽ നേതാക്കൾക്കെതിരെ ആക്രമണം തുടരുന്നു; കല്യാൺ ബാനർജിക്ക് നേരെ കൈയേറ്റം
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരായ ആക്രമണം തുടരുന്നു. തൃണമൂൽ കോൺഗ്രസിലെ രണ്ടാമനും എംപിയുമായ അഭിഷേക് ബാനർജിക്ക് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ കല്യാൺ ബാനർജി എംപിക്ക് നേരെ കൈയേറ്റമുണ്ടായി.
സ്വന്തം മണ്ഡലമായ ഹുഗ്ലിയിലെ ചണ്ഡിതലയിൽ പോലീസ് സ്റ്റേഷന് മുന്നിൽ വച്ചാണ് കല്യാൺ ബാനർജിക്ക് നേരെ ആക്രമണമുണ്ടായത്.
തങ്ങളുടെ പാർട്ടി പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനെതിരെ ചണ്ഡിതല പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയതായിരുന്നു എംപിയും ടിഎംസി പ്രവർത്തകരും. ഈ സമയത്ത് അവിടെയുണ്ടായിരുന്ന ബിജെപി പ്രവർത്തകർ ടിഎംസിക്ക് എതിരെ മുദ്രാവാക്യം വിളിച്ചതോടെ ഇരുവിഭാഗങ്ങളും തമ്മിൽ വൻ സംഘർഷമുണ്ടാവുകയായിരുന്നു.
തുടർന്നുണ്ടായ വൻ ജനക്കൂട്ടത്തെയും സംഘർഷത്തെയും നിയന്ത്രിക്കാൻ പോലീസ് ശ്രമിക്കുന്നതിനിടെയാണ് കല്യാൺ ബാനർജിയുടെ തലയ്ക്ക് അടിയേറ്റത്. പരിക്കേറ്റ ഉടൻ തന്നെ അദ്ദേഹം ഇരു കൈകളും തലയിൽ വച്ച് നിലത്തു വീഴുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം നനഞ്ഞ തൂവാല തലയിൽ അമർത്തിപ്പിടിച്ച് നിലത്തിരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ അദ്ദേഹം റോഡിലിരുന്ന് പ്രതിഷേധിച്ചു.
ഇന്നലെ സൗത്ത് 24 പർഗാനാസിലെ സോനാർപൂരിൽ വച്ച് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് നേരെ കല്ലേറും ആക്രമണവുമുണ്ടായതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം.
ജനാധിപത്യപരമായ പ്രതിഷേധത്തിന് നേരെ ബിജെപി ആസൂത്രിതമായി നടത്തിയ ആക്രമണമാണിതെന്ന് കല്യാൺ ബാനർജി ആരോപിച്ചു. സ്ഥലത്ത് നിലവിൽ വൻ പോലീസ് സന്നാഹത്തെയും കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്.