ശൗചാലയമെന്ന് കരുതി വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമം; യാത്രക്കാരൻ അറസ്റ്റിൽ
ബംഗളൂരു-വാരണാസി എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ കോക്പിറ്റിൽ പ്രവേശിക്കാൻ ശ്രമിച്ച യാത്രക്കാരൻ അറസ്റ്റിൽ. ശൗചാലയം തിരയവെ അബദ്ധത്തിൽ കോക്പിറ്റിന് അടുത്തേക്ക് എത്തുകയായിരുന്നു എന്നാണ് യാത്രക്കാരൻ പറയുന്നത്. ഇയാളെയും ഒപ്പമുണ്ടായിരുന്ന എട്ട് യാത്രക്കാരെയും സിഐഎസ്എഫ് കസ്റ്റഡിയിലെടുത്തു.
ഇവരെ ചോദ്യം ചെയ്തുവരികയാണ്. തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് രാവിലെ പത്തരയോടെ വാരണാസിയിൽ ലാൻഡ് ചെയ്ത ഐഎക്‌സ് 1086 വിമാനത്തിലാണ് സംഭവം നടന്നത്. വിമാനം വാരണാസിയിയിൽ ഇറങ്ങിയ ശേഷമാണ് യാത്രക്കാരൻ കോക്പിറ്റിന് അടുത്തേക്ക് എത്തിയത്
വിമാനത്തിലെ ജീവനക്കാർ ഉടനെ ഇയാളെ തടഞ്ഞു. പിടിയിലായ യാത്രക്കാരൻ ആദ്യമായാണ് വിമാനത്തിൽ യാത്ര ചെയ്യുന്നതെന്നും അറിവില്ലായ്മയെ തുടർന്നാണ് ഇദ്ദേഹത്തിൽ നിന്ന് ഇങ്ങനെ സംഭവിച്ചതെന്ന് അറിയുന്നതെന്നും എയർ ഇന്ത്യ വക്താവ് പറഞ്ഞു. സംഭവത്തിൽ സിഐഎസ്എഫ് അന്വേഷണം തുടരുകയാണ്.