{"vars":{"id": "89527:4990"}}

അയോധ്യ സംഭാവന തട്ടിപ്പ്: ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായി ഉൾപ്പെടെയുള്ളവർക്കെതിരെ കേസിന് ശുപാർശ ചെയ്ത് എസ്‌ഐടി

 

അയോധ്യ: അയോധ്യ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന കോടികളുടെ സംഭാവന തട്ടിപ്പ് കേസിൽ ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറിയും വിഎച്ച്പി നേതാവുമായ ചമ്പത് റായി ഉൾപ്പെടെയുള്ളവർ കുരുക്കിലേക്ക്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (SIT) സമർപ്പിച്ച 20 പേജുള്ള റിപ്പോർട്ടിൽ ചമ്പത് റായ് ഉൾപ്പെടെ 17 പേരെ പ്രതിചേർക്കാൻ ശുപാർശ ചെയ്തതായാണ് വിവരം.

​രാമക്ഷേത്രത്തിലേക്ക് ഭക്തർ വഴിപാടായി നൽകിയ സ്വർണം, വെള്ളി, വജ്രം എന്നിവയുൾപ്പെടെ ഏകദേശം 200 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നതായാണ് പ്രാഥമിക നിഗമനം. പ്രാണപ്രതിഷ്ഠാ ചടങ്ങിൽ ജ്വല്ലേഴ്സ് അസോസിയേഷൻ സമർപ്പിച്ച 60 കിലോ വെള്ളിക്കട്ടികൾ കാണാതായതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നതോടെയാണ് വിവാദം കടുത്തത്. ഈ വെള്ളിക്കട്ടികൾ ട്രസ്റ്റിന് കൈമാറിയ രേഖകൾ ഉണ്ടെങ്കിലും ക്ഷേത്രത്തിലെ ഔദ്യോഗിക രജിസ്റ്ററിൽ ഇവ രേഖപ്പെടുത്തിയിട്ടില്ലെന്ന് എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്.

​കേസിൽ കടുത്ത സമ്മർദ്ദം നേരിടുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത നിർണായക യോഗത്തിൽ നിന്ന് ചമ്പത് റായിയെ മാറ്റിനിർത്തിയിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) ഉത്തർപ്രദേശ് സർക്കാരിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. തട്ടിപ്പിൽ ഉൾപ്പെട്ട 150-ഓളം പേരുടെ മൊഴികൾ ഇതിനോടകം എസ്‌ഐടി രേഖപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ചമ്പത് റായ് ഉൾപ്പെടെയുള്ള ട്രസ്റ്റ് ഭാരവാഹികൾക്കെതിരെ കൂടുതൽ ശക്തമായ നിയമനടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന. ട്രസ്റ്റ് പിരിച്ചുവിടുന്നതുൾപ്പെടെയുള്ള കടുത്ത തീരുമാനങ്ങളിലേക്ക് സർക്കാർ നീങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്.