അയോധ്യ ക്ഷേത്രക്കൊള്ള: ചമ്പത് റായി ജയിലിലായേക്കുമെന്ന് ബിജെപി നേതാവ് വിനയ് കത്യാർ; സിസിടിവി ദൃശ്യങ്ങൾ വഴിത്തിരിവാകും
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായി ജയിലിലായേക്കുമെന്ന് മുതിർന്ന ബിജെപി നേതാവും ബജ്‌രംഗദൾ സ്ഥാപകനുമായ വിനയ് കത്യാർ. കേസിൽ പ്രതികൾ പണം കടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത് അന്വേഷണത്തിൽ നിർണായക വഴിത്തിരിവാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതായും ചമ്പത് റായി, അനിൽ മിശ്ര, ഗോപാൽ റാവു എന്നിവർ അറസ്റ്റിലായേക്കുമെന്നും വിനയ് കത്യാർ അവകാശപ്പെട്ടു.
ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽനിന്ന് കോടിക്കണക്കിന് രൂപയുടെ സംഭാവന വെട്ടിച്ചെന്ന ആരോപണത്തെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ചമ്പത് റായിയും ട്രസ്റ്റി അനിൽ മിശ്രയും രാജിവെച്ചിരുന്നു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (SIT) ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
ഇതിനിടെ ഭണ്ഡാരത്തില്‍ നിന്നെടുത്ത പണം അഞ്ച് പ്രതികള്‍ ക്ഷേത്രത്തിന് പുറത്തേക്ക് കടത്തുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പണം ആദ്യം ശുചിമുറിയിലേക്ക് മാറ്റുന്നു. പിന്നീട് പലരിലൂടെ പുറത്തേക്ക് കൊണ്ട് പോകുന്നു. പണം കൊണ്ടു പോകുന്നത് എവിടേക്കെന്ന് വ്യക്തമാകാതിരിക്കാന്‍ പുറത്തേക്കുള്ള സിസിടിവികള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടത്തെ സജ്ജമാക്കി നിര്‍ത്തിയിരിക്കുന്നതും 45 ദിവസത്തെ ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് അന്വേഷണ സംഘം സൂചിപ്പിക്കുന്നു. കാണിക്ക എണ്ണാനായി 50 പേരെയാണ് ട്രസ്റ്റ് നിയോഗിച്ചിരുന്നത്. അതേസമയം, ക്ഷേത്രക്കൊള്ളയുടെ സ്മാരകങ്ങളായി മാറാവുന്ന വീടുകള്‍ തകര്‍ത്ത് കളയാനാണ് യോഗി സര്‍ക്കാരിന്‍റെ നീക്കം. ക്ഷേത്രത്തില്‍ നിന്ന് തട്ടിയ പണം കൊണ്ട് നിര്‍മ്മിക്കുന്നതെന്ന് കരുതുന്ന വീടുകള്‍ പൊളിച്ചുമാറ്റുന്നതിന് മുന്നോടിയായി അയോധ്യ വികസന സമിതി ലവ് കുശ് മിശ്രക്ക് പുറമെ അനുകല്‍പ് മിശ്രയെന്ന മറ്റൊരു പ്രതിക്കും നോട്ടീസ് നല്‍കിയിരിക്കുകയാണ്.