{"vars":{"id": "89527:4990"}}

ബാങ്ക് ഓഫ് ബറോഡ ഡേറ്റ ചോർച്ച: ഉപഭോക്തൃ വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി റിപ്പോർട്ട്; പരിശോധന ശക്തമാക്കി

 

ന്യൂഡൽഹി: പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയുടെ (Bank of Baroda) അക്കൗണ്ട് ഉടമകളുടെ സാമ്പത്തിക വിവരങ്ങളും വ്യക്തിഗത വിവരങ്ങളും ഉൾപ്പെടെ ഡാർക്ക് വെബിൽ ചോർന്നതായി റിപ്പോർട്ട്. ബാങ്കിന്റെ സെർവറുകളിൽ നിന്ന് ഏകദേശം 1 ടെറാബൈറ്റോളം (1TB) വരുന്ന സുപ്രധാന ഡേറ്റ ചോർന്നതായാണ് സൈബർ സുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

​ഹാക്കിംഗ് സംഘമായ 'ട്രെപ്പിൾ എക്സ്' (TripleX) ആണ് ഈ ചോർച്ചയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക സംശയം. സംഭവത്തിൽ ബാങ്കും സൈബർ സെല്ലും ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

​ചോർന്ന വിവരങ്ങൾ

​ഡാർക്ക് വെബിൽ സൗജന്യമായി ലഭ്യമാക്കിയിരിക്കുന്ന സാമ്പിൾ രേഖകളുടെ പരിശോധനയിൽ താഴെ പറയുന്ന വിവരങ്ങൾ ചോർന്നതായി സംശയിക്കുന്നു:

വ്യക്തിഗത വിവരങ്ങൾ: ഉപഭോക്താക്കളുടെ പേരുകൾ, ആധാർ നമ്പർ വിവരങ്ങൾ.

ബാങ്കിംഗ് രേഖകൾ: സേവിംഗ്സ്-കറന്റ് അക്കൗണ്ട് വിവരങ്ങൾ, നെറ്റ് ബാങ്കിംഗ് യൂസർ ഡീറ്റെയിൽസ്, എടിഎം/ബ്രാഞ്ച് വിവരങ്ങൾ.

വായ്പാ വിവരങ്ങൾ: കസ്റ്റമർ ആപ്ലിക്കേഷൻ ഫോമുകൾ, ലോൺ അപ്രൈസൽ രേഖകൾ.

ബാങ്ക് രേഖകൾ: ഇൻ്റേണൽ ഓഡിറ്റ് റിപ്പോർട്ടുകൾ, ബ്രാഞ്ച് വിജിലൻസ് പരിശോധനാ ഫയലുകൾ.

​ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ

​ഡേറ്റ ചോർച്ചയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഉയർന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു:

​പാസ്‌വേഡുകൾ, ട്രാൻസാക്ഷൻ പിന്നുകൾ (PIN) എന്നിവ എത്രയും വേഗം പുതുക്കുക.

സംശയസ്പദമായ രീതിയിൽ വരുന്ന ഫോൺ കോളുകൾക്കോ സന്ദേശങ്ങൾക്കോ ആധാർ, ഒടിപി (OTP) വിവരങ്ങൾ കൈമാറാതിരിക്കുക.

അക്കൗണ്ടിൽ നിന്ന് അനധികൃതമായി പണം പിൻവലിച്ചതായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബാങ്കിനെയോ നാഷണൽ സൈബർ ക്രൈം ഹെൽപ്പ് ലൈനെയോ (1930) അറിയിക്കുക.