{"vars":{"id": "89527:4990"}}

ബെംഗളൂരു ഡേകെയർ ക്രൂരത: രണ്ട് കെയർടേക്കർമാർ അറസ്റ്റിൽ

 

ബെംഗളൂരു: ഐടി പാർക്കിലെ ഡേകെയർ സെന്ററിൽ പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് വനിതാ ജീവനക്കാരെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ക്യാപ്ജെമിനി (Capgemini) കമ്പനിയുടെ ബ്രൂക്ക്‌ഫീൽഡ് ക്യാമ്പസിലെ ക്രെഷിൽ ജോലി ചെയ്തിരുന്ന വിജയലക്ഷ്മി, മഞ്ജുള എന്നിവരാണ് പിടിയിലായത്. കേസിൽ ഉൾപ്പെട്ട മറ്റ് മൂന്ന് ജീവനക്കാർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

​കുഞ്ഞുങ്ങളെ അതിക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. രണ്ടു വയസ്സു പ്രായമുള്ള കുട്ടികൾ കരയുമ്പോൾ ശിക്ഷയായി അവരെ ഫ്രണ്ട് ലോഡിംഗ് വാഷിംഗ് മെഷീന്റെ ഉള്ളിൽ അടച്ചുപൂട്ടിയും, ബാത്ത്റൂമുകളിൽ പൂട്ടിയിട്ടും, ടോയ്‌ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് വായയിലേക്ക് ശക്തമായി വെള്ളമടിച്ചും കെയർടേക്കർമാർ ആനന്ദം കണ്ടെത്തിയിരുന്നതായി പോലീസ് എഫ്.ഐ.ആറിൽ പറയുന്നു.

​ഡേകെയറിലെ മറ്റൊരു മുൻ ജീവനക്കാരൻ രഹസ്യമായി പകർത്തിയ ദൃശ്യങ്ങൾ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന് കൈമാറിയതോടെയാണ് സംഭവം പുറത്തായത്. ക്രൂരതയെക്കുറിച്ച് നേരത്തെ പരാതി നൽകിയ ജീവനക്കാരനെ കമ്പനി ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് ഐടി കമ്പനി ഡേകെയറിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തലാക്കുകയും അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ദേശീയ ബാലാവകാശ കമ്മീഷൻ (NCPCR) പ്രത്യേക സംഘത്തെ നിയോഗിച്ച് സംഭവത്തിൽ നേരിട്ട് അന്വേഷണം ആരംഭിച്ചു.