{"vars":{"id": "89527:4990"}}

ബെംഗളൂരു മെട്രോ പർപ്പിൾ ലൈൻ തടസ്സം: കാരണം യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന ലോഹച്ചങ്ങലയെന്ന് ബിഎംആർസിഎൽ

 

ബെംഗളൂരു മെട്രോ പർപ്പിൾ ലൈനിൽ വ്യാഴാഴ്ച ഉണ്ടായ സാങ്കേതിക തടസ്സത്തിന് കാരണം ട്രെയിൻ വാതിലിന്റെ ഗൈഡ്‌വേയിൽ കുടുങ്ങിയ ലോഹച്ചങ്ങലയാണെന്ന് ബിഎംആർസിഎൽ (BMRCL) അറിയിച്ചു. കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷനിലാണ് സംഭവം നടന്നത്.

​തിരക്കേറിയ സമയത്ത് ട്രെയിനിന്റെ വാതിലുകൾ ശരിയായി അടയാതിരുന്നതിനെത്തുടർന്ന് യാത്രക്കാരെ പുറത്തിറക്കിയിരുന്നു. ഇതേത്തുടർന്ന് ട്രെയിൻ 17 മിനിറ്റോളം സ്റ്റേഷനിൽ നിർത്തിയിടേണ്ടി വന്നു. ഇത് ഒരേ ദിശയിലുള്ള അഞ്ചോളം സർവീസുകളെ ബാധിക്കുകയും ചെയ്തു.

​പ്രാഥമിക അന്വേഷണത്തിൽ, യാത്രക്കാരിലൊരാളുടെ കൈവശമുണ്ടായിരുന്ന ലോഹച്ചങ്ങല ട്രെയിൻ വാതിലിന്റെ ഗൈഡ്‌വേയിൽ കുടുങ്ങിയതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് കണ്ടെത്തി. ട്രെയിനിലോ അതിന്റെ വാതിൽ സംവിധാനത്തിലോ സാങ്കേതിക തകരാറുകൾ ഒന്നുമില്ലെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ടെന്നും ബിഎംആർസിഎൽ പ്രസ്താവനയിൽ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിയാണ് നടപടികൾ സ്വീകരിച്ചതെന്നും അധികൃതർ വ്യക്തമാക്കി.