ഭോപ്പാൽ വാതക ദുരന്തം: നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി
 

 

ഭോപ്പാൽ വാതക ദുരന്തത്തിലെ ഇരകളുടെ നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന ആവശ്യം സുപ്രീം കോടതി ഭരണഘടന ബഞ്ച് തള്ളി. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് കേന്ദ്രസർക്കാർ നൽകിയ തിരുത്തൽ ഹർജി തള്ളിയത്. റിസർവ് ബാങ്കിന്റെ പക്കലുള്ള 50 കോടി രൂപ നഷ്ടപരിഹാര വിതരണത്തിന് ഉപയോഗിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു

നഷ്ടപരിഹാരം സംബന്ധിച്ച വിഷയം രണ്ട് പതിറ്റാണ്ടിന് ശേഷം ഉന്നയിക്കുന്നതിന്റെ യുക്തി വിശദീകരിക്കാൻ കഴിയാത്ത കേന്ദ്ര സർക്കാരിന്റെ നടപടിയിൽ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി. മൂവായിരത്തിലധികം പേർ മരിക്കുകയും പരിസ്ഥിതിക്ക് നാശം വരികയും ചെയ്ത 1984ലെ ദുരന്തത്തിന്റെ ഇരകൾക്ക് യൂണിയൻ കാർബൈഡ് കോർപറേഷന്റെ ഇപ്പോഴത്തെ ഉടമകളായ ഡൗ കെമിക്കൽസിൽ നിന്നും 7844 കോടി രൂപയുടെ അധിക നഷ്ടപരിഹാരമാണ് കേന്ദ്രം ആവശ്യപ്പെട്ടത്.