{"vars":{"id": "89527:4990"}}

ബിഹാറിൽ നാളെ ഒന്നാം ഘട്ട വോട്ടെടുപ്പ്; പോളിംഗ് 121 മണ്ഡലങ്ങളിൽ, ഇന്ന് നിശബ്ദ പ്രചാരണം
 

 

ബിഹാർ നാളെ പോളിംഗ് ബൂത്തിലേക്ക്. നിയമസഭയിലേക്ക് ഒന്നാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന 121 മണ്ഡലങ്ങളിലെയും പരസ്യപ്രചാരണം അവസാനിച്ചു. കലാശക്കൊട്ടിന് തിരശ്ശീല വീണതോടെ നിശബ്ദ പ്രചരണം ആരംഭിച്ചു. കനത്ത സുരക്ഷാ വിന്യാസമാണ് വ്യാഴാഴ്ച ജനവിധി നടക്കുന്ന 18 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 121 നിയമസഭാ മണ്ഡലങ്ങളിൽ ഒരുക്കിയിട്ടുള്ളത്.

രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തിരഞ്ഞെടുപ്പ് നടക്കുക. പട്‌ന, വൈശാലി, മുസാഫർപുർ, ഗോപാൽഗഞ്ച് തുടങ്ങിയ പ്രദേശങ്ങൾ ഒന്നാംഘട്ടത്തിൽ വിധിയെഴുതും. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദൾ (യുണൈറ്റഡും) ബിജെപിയും നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യവും (എൻ.ഡി.എ), ആർജെഡി നേതാവ് തേജസ്വി യാദവ് നേതൃത്വം നൽകുന്ന മഹാസഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം.

പരസ്യപ്രചാരണം അവസാനിച്ച ദിവസം എൻഡിഎക്ക് വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മൂന്ന് റാലികളിൽ പങ്കെടുത്തിരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഞ്ച് പൊതുയോഗങ്ങളിലും ബിജെപി ദേശീയ പ്രസിഡന്റ് ജെപി നഡ്ഡ ഒരു റാലിയിലും പങ്കെടുത്തു. മഹാസഖ്യത്തിനായി രാഹുൽ ഗാന്ധി രണ്ട് റാലികളിൽ പങ്കെടുത്തു.