സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 38 ആയി ഉയർത്താൻ കേന്ദ്ര ബിൽ ലോക്‌സഭയിൽ
ന്യൂഡൽഹി: സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ അംഗസംഖ്യ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 38 ആയി ഉയർത്തുന്നതിനുള്ള നിർണായക ഭേദഗതി ബിൽ കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചു. നിലവിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 34 ആണ് സുപ്രീം കോടതിയുടെ അനുവദനീയമായ ജഡ്ജിമാരുടെ എണ്ണം. ഇത് 38 ആക്കി വർദ്ധിപ്പിക്കുന്നതിനായി 1956-ലെ സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) നിയമമാണ് ഭേദഗതി ചെയ്യുന്നത്.
കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ആണ് 'സുപ്രീം കോടതി (നമ്പർ ഓഫ് ജഡ്ജസ്) അമൻഡ്‌മെന്റ് ബിൽ, 2026' ലോക്‌സഭയിൽ അവതരിപ്പിച്ചത്. കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾ വേഗത്തിൽ തീർപ്പാക്കാനും നീതിന്യായ വ്യവസ്ഥ കൂടുതൽ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി.
നേരത്തെ ഇതേ ആവശ്യമുന്നയിച്ച് കഴിഞ്ഞ മേയ് മാസത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നു. ഈ ഓർഡിനൻസിന് പകരമുള്ള നിയമനിർമ്മാണത്തിനായാണ് ഇപ്പോൾ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പുതിയ ബിൽ കൊണ്ടുവന്നിരിക്കുന്നത്. ബിൽ പാസാകുന്നതോടെ ചീഫ് ജസ്റ്റിസ് ഒഴികെയുള്ള ജഡ്ജിമാരുടെ എണ്ണം 33-ൽ നിന്ന് 37 ആയി ഉയരും. 2019-ലാണ് ഇതിനുമുമ്പ് സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം വർദ്ധിപ്പിച്ചത്.