സെക്രട്ടേറിയറ്റിൽ ബയോമെട്രിക്കും ഫേസ് ഐഡിയും നിർബന്ധമാക്കി; ജീവനക്കാർക്ക് ഇനി കൃത്യസമയത്ത് മുഖം കാണിക്കണം
ചെന്നൈ: സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സമയനിഷ്ഠയും സുതാര്യതയും ഉറപ്പുവരുത്തുന്നതിനായി പുതിയ പരിഷ്കാരവുമായി സർക്കാർ. ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ് (HRM) വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ബയോമെട്രിക്, ഫേസ് ഐഡി അധിഷ്ഠിത ഹാജർ സംവിധാനം ഇന്ന് (ജൂൺ 1) മുതൽ നിർബന്ധമാക്കി ഉത്തരവിറങ്ങി. സെക്രട്ടേറിയറ്റിൽ ഇതാദ്യമായാണ് ഇത്തരമൊരു ഡിജിറ്റൽ ഹാജർ സംവിധാനം നടപ്പിലാക്കുന്നത്.
പുതിയ ഉത്തരവ് പ്രകാരം എല്ലാ ജീവനക്കാരും രാവിലെ 10 മണിക്ക് മുൻപായി ഓഫീസിലെത്തി ഫേസ് ഐഡി വഴിയോ വിരലടയാളം വഴിയോ ഹാജർ രേഖപ്പെടുത്തേണ്ടതുണ്ട്. തൽക്കാലം ഡിജിറ്റൽ സംവിധാനത്തോടൊപ്പം നിലവിലുള്ള മാനുവൽ രജിസ്റ്ററിലും ഒപ്പിടണം. കൂടാതെ ജോലി സമയത്ത് എല്ലാ ജീവനക്കാരും തിരിച്ചറിയൽ കാർഡ് നിർബന്ധമായും ധരിക്കണമെന്നും നിർദ്ദേശമുണ്ട്.
ചില ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ എതിർപ്പുകളെ തുടർന്ന് മുൻപ് താൽക്കാലികമായി നിർത്തിവെച്ചിരുന്ന പദ്ധതിയാണ് ഇപ്പോൾ ട്രയൽ റണ്ണിലെ പിഴവുകൾ പരിഹരിച്ച് പൂർണ്ണമായി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ എച്ച്.ആർ വകുപ്പിലാണ് ഇത് നടപ്പാക്കുന്നതെങ്കിലും വരും മാസങ്ങളിൽ സെക്രട്ടേറിയറ്റിലെ മറ്റ് വകുപ്പുകളിലേക്കും ഘട്ടങ്ങളായി ഫേസ് ഐഡി ഹാജർ വ്യാപിപ്പിക്കാനാണ് സർക്കാർ തീരുമാനം. ഓഫീസുകളിൽ കൃത്യനിഷ്ഠയും കാര്യക്ഷമതയും കൂട്ടാൻ ഈ നടപടി സഹായിക്കുമെന്നാണ് വിലയിരുത്തൽ.