ന്യൂനപക്ഷങ്ങൾ മറക്കരുത്, ഭൂരിപക്ഷത്തിന് ക്ഷമ കെട്ടാൽ ഗോധ്ര ആവർത്തിക്കും; ഭീഷണിയുമായി ബിജെപി മന്ത്രി

ഭൂരിപക്ഷത്തിന് ക്ഷമ കെട്ടാൽ ഗോധ്ര ആവർത്തിക്കുമെന്ന് ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തി കർണാടക സാംസ്കാരിക വകുപ്പ് മന്ത്രി സി ടി രവി. ഡിസംബർ 19ന് മാധ്യമങ്ങളോട് സംസാരിക്കുന്നതായി പുറത്തുവന്ന വീഡിയോയിലാണ്
 

ഭൂരിപക്ഷത്തിന് ക്ഷമ കെട്ടാൽ ഗോധ്ര ആവർത്തിക്കുമെന്ന് ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തി കർണാടക സാംസ്‌കാരിക വകുപ്പ് മന്ത്രി സി ടി രവി. ഡിസംബർ 19ന് മാധ്യമങ്ങളോട് സംസാരിക്കുന്നതായി പുറത്തുവന്ന വീഡിയോയിലാണ് സി ടി രവി ഇങ്ങനെ പറയുന്നത്.

ഇതേ അവസ്ഥയിലാണ് ഗോധ്രയിൽ ഒരു തീവണ്ടി തീവെച്ച് നശിപ്പിച്ചത്. ആ മാനസികാവസ്ഥയിലുള്ള ആളുകൾ കർസേവകരെ തീ വെച്ചു കൊന്നു. ഇവിടുള്ള ഭൂരിപക്ഷം ക്ഷമയുള്ളവരായതിനാൽ എല്ലായിടത്തും തീ വെക്കാനാണ് നോക്കുന്നത്. നിങ്ങളൊന്ന് തിരിഞ്ഞു നോക്കിയാൽ മതി, ഭൂരിപക്ഷത്തിന്റെ ക്ഷമ കെട്ടാൽ എന്ത് സംഭവിക്കുമെന്ന് മനസ്സിലാകാൻ എന്നും മന്ത്രി പറഞ്ഞു

ഇതിനൊരു തിരിച്ചടിയുണ്ടായാൽ എങ്ങനെയാകുമെന്ന് ഖാദറിനറിയാം(കർണാടകയിലെ കോൺഗ്രസ് എംഎൽഎയാണ് യു ടി ഖാദർ). ഗോധ്രയിൽ തീ കത്തിക്കപ്പെട്ട ശേഷം ജനങ്ങൾ മുന്നേറ്റവുമായി ഇറങ്ങിയത് ഖാദർ കണ്ടതാണല്ലോ എന്നും സി ടി രവി പറഞ്ഞു.

കർണാടകയിൽ പൗരത്വ ഭേദഗതി നടപ്പാക്കാൻ ശ്രമിച്ചാൽ സംസ്ഥാനത്ത് തീക്കട്ട തെറിക്കുമെന്ന് ഖാദർ പ്രസംഗിച്ചിരുന്നു. ഇതിനെതിരെയാണ് സി ടി രവിയുടെ പ്രസ്താവന