കർണാടക ബിജെപിയിൽ പൊട്ടിത്തെറി; മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവഡി കോൺഗ്രസിലേക്ക്
 

 

ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറങ്ങിയതിന് പിന്നാലെ കർണാടക ബിജെപിയിൽ പൊട്ടിത്തെറി. മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവഡി സീറ്റ് ലഭിക്കാതെ വന്നതോടെ കോൺഗ്രസിൽ ചേരാനൊരുങ്ങുകയാണ്. ഭാവി കാര്യങ്ങൾ തീരുമാനിക്കാൻ ബലഗാവി അത്തണിയിൽ സാവഡി അനുയായികളുടെ യോഗം വിളിച്ചിട്ടുണ്ട്. കോൺഗ്രസ് പ്രവേശനം ഈ യോഗത്തിൽ പ്രഖ്യാപിച്ചേക്കും. 

കഴിഞ്ഞ ദിവസം കോൺഗ്രസ് ദേശീയ നേതൃത്വവുമായി സാവഡി ചർച്ച നടത്തിയിരുന്നു. മുൻ മുഖ്യമന്ത്രി ജഗദീഷ് ഷട്ടർ സുബ്ബള്ളിയിൽ റിബലായി മത്സരിക്കുമെന്ന് വ്യക്തമാക്കി. മറ്റൊരു മുൻ ഉപമുഖ്യമന്ത്രിയായ കെ എസ് ഈശ്വരപ്പ സീറ്റ് ലഭിക്കാതെ വന്നതോടെ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. 

പുതുമുഖങ്ങൾക്ക് അവസരമെന്ന പേരിലാണ് മുതിർന്ന നേതാക്കളെ ബിജെപി വെട്ടിയത്. ഇതോടെയാണ് ഇവർ പോര് മുഖം തുറന്നത്. 2003 മുതൽ 2018 വരെ എംഎൽഎയായിരുന്നു ലക്ഷ്മൺ സാവഡി. പ്രമുഖ ലിംഗായത്ത് നേതാവായ ലക്ഷ്മണിന്റെ സാന്നിധ്യം കോൺഗ്രസിന് മുതൽക്കൂട്ടായേക്കും.