സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ചു; നാല് കുട്ടികൾക്ക് എച്ച്‌ഐവി ബാധ
മധ്യപ്രദേശിലെ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച നാല് കുട്ടികൾക്ക് എച്ച് ഐ വി ബാധ സ്ഥിരീകരിച്ചു. തലസീമിയ രോഗത്തിന് ചികിത്സ തേടിയ രോഗികൾക്കാണ് സർദാർ വല്ലഭായി പട്ടേൽ ജില്ലാ ആശുപത്രിയിൽ നിന്ന് എയ്ഡ്‌സ് ബാധയുണ്ടായത്. നാല് മാസങ്ങൾക്ക് മുമ്പ് നടന്ന സംഭവം പുറത്തറിയുന്നത് ആശുപത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് കുട്ടികളുടെ ബന്ധുക്കൾ പ്രതിഷേധിച്ചതോടെയാണ്
അന്വേഷണം നടക്കുകയാണെന്നും കുട്ടികൾക്ക് രക്തം നൽകുന്നതിന് മുമ്പ് നടത്തിയ പരിശോധനയിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചു. എവിടെ നിന്ന് സ്വീകരിച്ച രക്തത്തിലാണ് രോഗബാധ ഉണ്ടായിരുന്നതെന്ന് കണ്ടെത്താൻ അധികൃതർക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് വിശദീകരണം. പ്രതിഷേധം ശക്തമായതോടെ ആശുപത്രി അധികൃതർക്കെതിരെ നടപടിയുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി
8 വയസിനും 14 വയസിനും ഇടയിലുള്ള കുട്ടികളാണ് എച്ച് ഐ വി ബാധിതരായത്. നാല് മാസങ്ങൾക്ക് മുമ്പ് നടന്ന പരിശോധനയിലാണ് കുട്ടികൾക്ക് രോഗബാധ കണ്ടെത്തിയത്. ജില്ലാ ആശുപത്രിയിൽ അറിയിച്ചതോടെ രക്തദാനം നടത്തിയവരെ കണ്ടെത്താൻ ശ്രമം ആരംഭിച്ചിട്ടുണ്ടെന്ന മറുപടിയാണ് ലഭിച്ചത്.