{"vars":{"id": "89527:4990"}}

പീഡനക്കേസിൽ മുൻ 'തെഹൽക' എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരൻ: വിചാരണക്കോടതി വിധി തള്ളി ബോംബെ ഹൈക്കോടതി

 

പനാജി: ലൈംഗികാതിക്രമ കേസിൽ മുൻ 'തെഹൽക' (Tehelka) എഡിറ്റർ-ഇൻ-ചീഫ് തരുൺ തേജ്പാലിനെ (62) വിചാരണക്കോടതി വെറുതെവിട്ട നടപടി ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് റദ്ദാക്കി. 2013-ൽ സഹപ്രവർത്തകയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തേജ്പാൽ കുറ്റക്കാരനാണെന്ന് ജസ്റ്റിസ് ഡോ. നീല ഗോഖലെ, ജസ്റ്റിസ് അമിത് ജാംസണ്ഡേക്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിധിച്ചു.

​2021 മേയിലാണ് ഗോവയിലെ സെഷൻസ് കോടതി തേജ്പാലിനെ വെറുതെവിട്ടുകൊണ്ട് ഉത്തരവിറക്കിയത്. ഇതിനെതിരെ ഗോവ സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നിർണായക വിധി.

​ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) 376(2)(f) (അധികാരസ്ഥാനത്തുള്ള വ്യക്തി നടത്തുന്ന പീഡനം), 354A (ലൈംഗിക അതിക്രമം), 354B (വസ്ത്രക്ഷേപ ശ്രമം) എന്നീ വകുപ്പുകൾ പ്രകാരമാണ് തേജ്പാൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

​2013 നവംബറിൽ ഗോവയിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ നടന്ന 'തിങ്ക്ഫെസ്റ്റ്' പരിപാടിക്കിടെ ലിഫ്റ്റിനുള്ളിൽ വെച്ച് സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് കേസ്. വിചാരണക്കോടതി ഇരയുടെ പെരുമാറ്റത്തെയും പ്രസ്താവനകളിലെ വൈരുധ്യങ്ങളെയും അടിസ്ഥാനമാക്കി നൽകിയ ആനുകൂല്യം തെറ്റാണെന്ന് സർക്കാർ അഭിഭാഷകർ ഹൈക്കോടതിയിൽ വാദിച്ചിരുന്നു.

​വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് തരുൺ തേജ്പാലിന്റെ അഭിഭാഷകർ അറിയിച്ചു.