{"vars":{"id": "89527:4990"}}

​ചൈനയുമായുള്ള അതിർത്തി തർക്കം ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി; സി.ഡി.എസ്. അനിൽ ചൗഹാൻ

 

ഗോരഖ്പുർ: ചൈനയുമായുള്ള അതിർത്തി തർക്കമാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ സുരക്ഷാ വെല്ലുവിളിയെന്ന് സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ. ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ ഒരു പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്താൻ നടത്തുന്ന നിഴൽ യുദ്ധമാണ് രണ്ടാമത്തെ പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​പ്രാദേശിക അസ്ഥിരത, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന യുദ്ധതന്ത്രങ്ങൾ, രണ്ട് ആണവശക്തികളുമായി ഒരേസമയം ഏറ്റുമുട്ടാനുള്ള സാധ്യത എന്നിവയാണ് ഇന്ത്യ നേരിടുന്ന മറ്റ് പ്രധാന വെല്ലുവിളികളെന്ന് ജനറൽ ചൗഹാൻ പറഞ്ഞു. ഭാവിയിലെ യുദ്ധങ്ങൾ കര, കടൽ, ആകാശം എന്നീ മേഖലകളിൽ മാത്രമായി ഒതുങ്ങില്ലെന്നും, സൈബർ, ബഹിരാകാശം, ഇലക്ട്രോമാഗ്നെറ്റിക് മേഖലകളിലേക്കും അത് വ്യാപിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് രാജ്യം പ്രതിരോധ സജ്ജമാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.