അദാനി, രാഹുൽ വിഷയത്തെ ചൊല്ലി പാർലമെന്റിന്റെ ഇരു സഭകളിലും ഇന്നും ബഹളം
 

 

അദാനി, രാഹുൽ ഗാന്ധി വിഷയത്തെ ചൊല്ലി പാർലമെന്റിൽ ഇന്നും ബഹളം. രാഹുൽ ഗാന്ധിക്കെതിരായ ഭരണപക്ഷ പരാമർശം പിൻവലിക്കും വരെ സഭാ നടപടികളോട് സഹകരിക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. ബഹളത്തെ തുടർന്ന് ഇരുസഭകളും രണ്ട് മണി വരെ പിരിഞ്ഞു. രാഹുലിനെതിരെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് നടത്തിയ പ്രസ്താവന രേഖകളിൽ നിന്ന് നീക്കുക, അദാനി വിഷയത്തിൽ ചർച്ച തുടരുക തുടങ്ങിയ ആവശ്യങ്ങളിൽ ചോദ്യത്തോര വേള തടസ്സപ്പെടുത്തി പ്രതിപക്ഷം ലോക്‌സഭയിൽ മുദ്രവാക്യമുയർത്തി

ചർച്ചയില്ലെന്നും സഭാ നടപടികൾ തുടരുമെന്നും സ്പീക്കർ വ്യക്തമാക്കിയതോടെ സഭ ബഹളത്തിൽ മുങ്ങി. ഓസ്‌കാർ ജേതാക്കളെ അഭിനന്ദിച്ചതിന് ശേഷമാണ് രാജ്യസഭയിൽ നടപടികൾ ആരംഭിച്ചത്. രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം കേന്ദ്രമന്ത്രി പീയുഷ് ഗോയൽ ഉയർത്തി. കഴിഞ്ഞ ദിവസത്തെ വിഷയം ആവർത്തിക്കരുതെന്ന് പ്രതിപക്ഷം ശബ്ദമുയർത്തി. രാഹുൽ രാജ്യദ്രോഹം നടത്തിയെന്ന് അടക്കമുള്ള പരാമർശങ്ങൾ രേഖകളിൽ നിന്ന് നീക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.