{"vars":{"id": "89527:4990"}}

ബെംഗളൂരു ഐടി ക്യാമ്പസ് ഡേകെയറിൽ കുരുന്നുകളോട് ക്രൂരത; അഞ്ച് ജീവനക്കാർക്കെതിരെ എഫ്‌ഐആർ

 

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ ഐടി കമ്പനിയായ ക്യാപ്‌ജെമിനിയുടെ ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന ഡേകെയർ സെന്ററിൽ കുട്ടികൾക്ക് നേരെ ക്രൂരമായ ശാരീരിക-മാനസിക പീഡനം നടന്നതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഡേകെയറിലെ അഞ്ച് വനിതാ ജീവനക്കാർക്കെതിരെ പൊലീസ് എഫ്‌ഐആർ (FIR) രജിസ്റ്റർ ചെയ്തു. മഞ്ജുള, വിജയലക്ഷ്മി, ഭവാനി, സിന്ധു, ബിന്ദു എന്നിവർക്കെതിരെയാണ് എച്ച്എഎൽ (HAL) പൊലീസ് കേസെടുത്തത്.

​കുട്ടികളെ പരിചരിക്കുന്നതിന് പകരം ഇവർ ക്രൂരമായി മർദ്ദിക്കുകയും ഭയപ്പെടുത്തുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. കുട്ടികൾ ഉച്ചത്തിൽ കരയുമ്പോൾ അവരെ ഭയപ്പെടുത്താനായി വാഷിംഗ് മെഷീനുള്ളിൽ കയറ്റി ഇരുത്തുക, ശുചിമുറികളിൽ പൂട്ടിയിടുക, ടോയ്‌ലറ്റ് ജെറ്റ് സ്‌പ്രേ ഉപയോഗിച്ച് മുഖത്തേക്കും വായിലേക്കും വെള്ളം അടിക്കുക തുടങ്ങിയ അതിക്രൂരമായ വിനോദങ്ങളാണ് ജീവനക്കാർ നടത്തിയിരുന്നത്.

​ഡേകെയറിനുള്ളിൽ നടന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോകൾ വാട്‌സാപ്പിലൂടെ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇതേത്തുടർന്ന് ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഉദ്യോഗസ്ഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭാരതീയ ന്യായ സംഹിത (BNS), ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരം കേസെടുത്തത്.

​സംഭവം വിവാദമായതോടെ ക്യാപ്‌ജെമിനി കമ്പനി തങ്ങളുടെ ക്യാമ്പസിലെ ഡേകെയർ സെന്റർ താൽക്കാലികമായി അടച്ചുപൂട്ടുകയും അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. പ്രതികളായ ജീവനക്കാരെ ചോദ്യം ചെയ്യാനായി പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.