വിവാഹം കഴിഞ്ഞ് 72-ാം ദിവസം നവവധു കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു; ഭർത്താവും വീട്ടുകാരും ചേർന്ന് കൊലപ്പെടുത്തിയതെന്ന് കുടുംബം
ന്യൂഡൽഹി: ഡൽഹിയിലെ ലോധി കോളനിയിൽ വിവാഹം കഴിഞ്ഞ് വെറും 72 ദിവസങ്ങൾ മാത്രം പിന്നിട്ട നവവധു ദുരൂഹ സാഹചര്യത്തിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. പുഷ്പ് വിഹാർ സ്വദേശിനിയായ ആകൃതി സുതർ (28) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരത്തോടെ ലോധി കോളനിയിലെ എൻ.ഡി.എം.സി ഫ്ലാറ്റ് സമുച്ചയത്തിന്റെ മൂന്നാം നിലയിൽ നിന്നാണ് യുവതി വീണത്. ഗുരുതരമായി പരിക്കേറ്റ ആകൃതിയെ ഉടൻ തന്നെ എയിംസ് (AIIMS) ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എന്നാൽ, ആകൃതിയുടെ മരണം ആത്മഹത്യയല്ലെന്നും ഭർത്താവും വീട്ടുകാരും ചേർന്ന് നടത്തിയ കൊലപാതകമാണെന്നും ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്തെത്തി. സ്ത്രീധനത്തെച്ചൊല്ലി വിവാഹശേഷവും ആകൃതി ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങൾ ഇരയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ശനിയാഴ്ച ജോലി കഴിഞ്ഞ് മടങ്ങുകയാണെന്ന് ഫോണിൽ വിളിച്ചു പറഞ്ഞ ആകൃതിയെ പിന്നീട് ഫോണിൽ കിട്ടാതാവുകയായിരുന്നുവെന്നും, സംഭവം ആത്മഹത്യയാക്കി തീർക്കാൻ പ്രതികൾ ശ്രമിക്കുകയാണെന്നും കുടുംബം ആരോപിച്ചു.
വിവാഹം കഴിഞ്ഞ് ഏഴ് വർഷത്തിനുള്ളിൽ നടക്കുന്ന മരണമായതിനാൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ (SDM) നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കി.