{"vars":{"id": "89527:4990"}}

ബ്രിജ് ഭൂഷൺ കുറ്റവിമുക്തൻ; ലൈംഗികാതിക്രമ കേസിൽ കോടതി വെറുതെ വിട്ടു

 

ന്യൂഡൽഹി: ഗുസ്തി താരങ്ങളെ പീഡിപ്പിച്ചെന്ന കേസിൽ ഗുസ്തി ഫെഡറേഷൻ മുൻ മേധാവി ബ്രിജ് ഭൂഷണെ കോടതി കുറ്റവിമുക്തനാക്കി. ഡൽഹി വിചാരണ കോടതിയുടേതാണ് വിധി. ഒരു വർഷത്തോളം നീണ്ടുനിന്ന വിചാരണയ്ക്കൊടുവിലാണ് കേസിൽ വിധി വന്നിരിക്കുന്നത്. കേസിലെ കൂട്ടുപ്രതിയും ഡബ്ല്യുഎഫ്‌ഐ മുൻ അസിസ്റ്റന്റ് സെക്രട്ടറിയുമായ വിനോദ് തോമറിനെയും കോടതി വെറുതെ വിട്ടിട്ടുണ്ട്.

അടച്ചിട്ട മുറിയിലായിരുന്നു കോടതി നടപടികൾ നടന്നത്. ഗുസ്തി താരങ്ങളുടെ പരാതിയെത്തുടർന്ന് സ്ത്രീത്വത്തെ അപമാനിക്കൽ , ലൈംഗികാതിക്രമം, പിന്തുടർന്ന് ശല്യം ചെയ്യൽ, ക്രിമിനൽ ഭീഷണി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നത്.

പ്രായപൂർത്തിയാകാത്ത ഗുസ്തി താരത്തിന്റെ പരാതിയിൽ പോക്സോ കേസ് എടുത്തിരുന്നെങ്കിലും പരാതിക്കാരി പിന്നീട് കേസ് പിൻവലിച്ചു. 2016-നും 2019-നും ഇടയിൽ ഡബ്ല്യുഎഫ്‌ഐ ഓഫീസിലും ബ്രിജ് ഭൂഷന്റെ ഔദ്യോഗിക വസതിയിലും വിദേശയാത്രകൾക്കിടയിലും വെച്ച് ലൈംഗികാതിക്രമങ്ങൾ നടന്നതായാണ് പരാതിയിൽ ആരോപിച്ചിരുന്നത്. വനിതാ ഗുസ്തി താരങ്ങൾക്ക് വേണ്ടി സീനിയർ അഡ്വ. റെബേക്ക ജോൺ ഹാജരായപ്പോൾ, ബ്രിജ് ഭൂഷൺ സിങിന് വേണ്ടി അഡ്വ. രാജീവ് മോഹൻ ഹാജരായി.