ബിബിസി ഓഫീസിലെ റെയ്ഡ് ഉന്നയിച്ച് ബ്രിട്ടൻ; നിയമം പാലിച്ചേ മതിയാകൂവെന്ന് എസ് ജയശങ്കർ
 

 

ബിബിസി ഓഫീസുകളിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡ് സംബന്ധിച്ച വിഷയം ഉന്നയിച്ച് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജയിംസ് ക്ലവർലി. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ഡൽഹിയിൽ വെച്ച് നടന്ന ഉഭയകക്ഷി ചർച്ചയിലാണ് വിഷയം ഉന്നയിച്ചത്. എന്നാൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതുണ്ടന്ന മറുപടിയാണ് എസ് ജയശങ്കർ നൽകിയതെന്നാണ് റിപ്പോർട്ട്

ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സംബന്ധിക്കുന്നതിനായാണ് ജയിംസ് ക്ലവർലി ഇന്ത്യയിലെത്തിയത്. കഴിഞ്ഞ മാസമാണ് ന്യൂഡൽഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടന്നത്. ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിന് പിന്നാലെയായിരുന്നു റെയ്ഡ്. റെയ്ഡിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.