{"vars":{"id": "89527:4990"}}

വാഗമണ്ണിൽ വിനോദസഞ്ചാരികൾക്ക് നേരെ ക്രൂരമായ ആക്രമണം; ഭിന്നശേഷിക്കാരിയായ സഹോദരിക്കും മർദനമേറ്റു

 

ഇടുക്കി: മൂന്നാറിന് പിന്നാലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിലും സഞ്ചാരികൾക്ക് നേരെ നാട്ടുകാരുടെ ഗുണ്ടാവിളയാട്ടം. ഈരാറ്റുപേട്ട നടക്കൽ സ്വദേശിയായ സാദിഖിനും കുടുംബത്തിനും നേരെയാണ് ഒരു കൂട്ടം ആളുകൾ ചേർന്ന് ക്രൂരമായ ആക്രമണം നടത്തിയത്. അക്രമത്തിനിടയിൽ ഇവരോടൊപ്പമുണ്ടായിരുന്ന ഭിന്നശേഷിക്കാരിയായ സഹോദരിയെയും അക്രമികൾ ഉപദ്രവിച്ചു. കഴിഞ്ഞ മാസം മേയ് 24-നായിരുന്നു സംഭവം നടന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:

​ഈരാറ്റുപേട്ടയിൽ നിന്നും വാഗമൺ സന്ദർശിക്കാനെത്തിയതായിരുന്നു സാദിഖും കുടുംബവും. വാഹനങ്ങൾ തമ്മിൽ സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ ചെറിയ തർക്കമാണ് പിന്നീട് വലിയ രീതിയിലുള്ള കൈയാങ്കളിയിലേക്കും മർദനത്തിലേക്കും വഴിമാറിയത്. പ്രദേശവാസികളായ ഒരു സംഘം ആളുകൾ ചേർന്ന് സാദിഖിനെയും കുടുംബത്തെയും വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.

​തടയാൻ ശ്രമിച്ച സ്ത്രീകളെയും കുട്ടികളെയും അക്രമികൾ ചീത്തവിളിക്കുകയും തള്ളിമാറ്റുകയും ചെയ്തു. ഇതിനിടയിലാണ് ഭിന്നശേഷിക്കാരിയായ സഹോദരിക്കും മർദനമേറ്റത്. ക്രൂരമായ മർദനത്തിന്റെ ദൃശ്യങ്ങൾ ഒപ്പമുണ്ടായിരുന്നവർ മൊബൈലിൽ പകർത്തുകയും ഇത് പിന്നീട് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയുമായിരുന്നു.

​മൂന്നാർ ടോപ് സ്റ്റേഷനിൽ വർക്കല സ്വദേശികളായ സഞ്ചാരികളെ വഴിയോരക്കച്ചവടക്കാർ വടികളും കമ്പുകളുമായി ആക്രമിച്ച സംഭവം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിലാണ് വാഗമണ്ണിലും സമാനമായ സംഭവം ആവർത്തിച്ചിരിക്കുന്നത്.

 

അന്വേഷണം ഊർജിതമാക്കി പൊലീസ്

​ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. വിനോദസഞ്ചാരികളുടെ സുരക്ഷയെക്കുറിച്ച് വീണ്ടും ആശങ്കകൾ ഉയർത്തുന്നതാണ് ഈ സംഭവം. അക്രമത്തിന് ഇരയായ കുടുംബത്തിന്റെ പരാതിയിൽ വാഗമൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദൃശ്യങ്ങളിൽ വ്യക്തമായി കാണുന്ന പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.