{"vars":{"id": "89527:4990"}}

ജയ്പൂരിലും ബുൾഡോസർ നടപടി; പോലീസിനെ കല്ലെറിഞ്ഞ പ്രതികളുടെ അടക്കം വീടുകൾ ഇടിച്ചുനിരത്തി
 

 

രാജസ്ഥാനിലെ ജയ്പൂരിൽ ബുൾഡോസർ നടപടി. പോലീസിനെ ആക്രമിച്ച കേസിലെ പ്രതികളുടേതടക്കം 20 ഓളം കെട്ടിടങ്ങൾ പൊളിച്ചു നീക്കി. ഡിസംബർ 25ന് സംഘർഷം ഉണ്ടായ ചൗമുവിലാണ് കുടിയൊഴിപ്പിക്കൽ. സംഘർഷത്തിൽ 19 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ചൗമുവിലെ ഇമാം മസ്ജിദ് പരിസരത്താണ് ബുൾഡോസർ നടപടി. അനധികൃത കയ്യേറ്റം ആരോപിച്ച് പ്രദേശത്തെ 25ഓളം കെട്ടിടങ്ങൾക്ക് പ്രാദേശിക ഭരണകൂടം നോട്ടീസ് നൽകിയിരുന്നു. ഡിസംബർ 25ന് ഇത് പൊളിച്ചുനീക്കാൻ എത്തിയത് സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു. പോലീസിന് നേരെ കല്ലേറുണ്ടായി.

സംഭവത്തിൽ 19 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് ബുൾഡോസർ നടപടിയുണ്ടായത്. പോലീസിനെ കല്ലെറിഞ്ഞ പ്രതികളുടെ വീടുകൾ അടക്കം പൊളിച്ചുനിരത്തി. കനത്ത സുരക്ഷയിലാണ് നടപടി.