{"vars":{"id": "89527:4990"}}

കര്‍ണാടകയില്‍ വീണ്ടും ബുൾഡോസർ രാജ്; അശ്വത് നഗറിൽ മുന്നറിയിപ്പിലാതെ 13 വീടുകൾ പൊളിച്ചുനീക്കി
 

 

കർണാടകയിൽ വീണ്ടും ബുൾഡോസർ പ്രയോഗം. വ്യാഴാഴ്ച വടക്കുകിഴക്കൻ ബംഗളൂരുവിലെ തനിസാന്ദ്രക്ക് സമീപമുള്ള അശ്വത് നഗറിൽ 13 വീടുകൾ മുൻകൂർ അറിയിപ്പില്ലാതെ പൊളിച്ചുമാറ്റി. ഗ്രേറ്റർ ബംഗളൂരു അതോറിറ്റി നേരത്തെ നടത്തിയ കൊഗിലു പൊളിക്കൽ വിവാദമായതിന് പിന്നാലെയാണ് പുതിയ നടപടി

ബിഡിഎ ഉദ്യോഗസ്ഥരും പോലീസുും നാല് മണ്ണുമാന്തി യന്ത്രങ്ങളുമായി എത്തി കെട്ടിടങ്ങൾ പൊളിച്ചുനീക്കുകയായിരുന്നു. കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പറഞ്ഞ് താമസക്കാരോട് ഉടൻ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുകയായിരുന്നു. ബിഡിഎയുടെ ഭൂമിയിലാണ് വീടുകൾ നിർമിച്ചതെന്ന് ഉദ്യോഗസ്ഥർ പറയുന്നു

അതേസമയം ബിഡിഎയുടെ പ്രത്യേക ടാസ്‌ക് ഫോഴ്‌സിന്റെ ഭാഗത്ത് നിന്ന് വീഴ്ച സമ്മതിച്ചതായി ബിഡിഎ കമ്മീഷണർ പി മണിവണ്ണൻ പറഞ്ഞു. പുനരധിവാസത്തിനുള്ള ക്രമീകരണങ്ങൾ ബിഡിഎ ചെയ്യുമെന്നും ചെലവ് വഹിക്കുമെന്നും മണിവണ്ണൻ പറഞ്ഞു. 13 വീടുകൾ മാത്രമാണ് പൊളിച്ചതെന്ന് ബിഡിഎ പറയുമ്പോൾ 20ലധികം വീടുകൾ തകർന്നതായി താമസക്കാർ അറിയിച്ചു