ഉപതെരഞ്ഞെടുപ്പുകളിലും ബിജെപി: മധ്യപ്രദേശിൽ ഭരണം ഉറപ്പിച്ചു, ഗുജറാത്തിലും യുപിയിലും നേട്ടം

രാജ്യത്ത് 10 സംസ്ഥാനങ്ങളിലെ വിവിധ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും ബിജെപിക്ക് നേട്ടം. മധ്യപ്രദേശിൽ ഉപതെരഞ്ഞെടുപ്പ് നടന്ന 28 സീറ്റുകളിൽ 19 എണ്ണത്തിലും ബിജെപി വിജയമുറപ്പിച്ചു. ഇതോടെ ശിവരാജ്
 

രാജ്യത്ത് 10 സംസ്ഥാനങ്ങളിലെ വിവിധ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും ബിജെപിക്ക് നേട്ടം. മധ്യപ്രദേശിൽ ഉപതെരഞ്ഞെടുപ്പ് നടന്ന 28 സീറ്റുകളിൽ 19 എണ്ണത്തിലും ബിജെപി വിജയമുറപ്പിച്ചു. ഇതോടെ ശിവരാജ് സിംഗ് ചൗഹാന് അധികാരത്തിൽ തുടരാമെന്നുറപ്പായി

ഭരണം തിരിച്ചുപിടിക്കാനായി കോൺഗ്രസിന് 21 സീറ്റുകൾ വേണമായിരുന്നു. എന്നാൽ ഏഴ് സീറ്റിൽ മാത്രമാണ് അവർ മുന്നിട്ട് നിൽക്കുന്നത്. കോൺഗ്രസ് പാളയം വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യക്കും വലിയ ആശ്വാസം നൽകുന്നതാണ് മത്സരഫലം. സിന്ധ്യക്കൊപ്പം 25 എംഎൽഎമാരും രാജിവെച്ച് ബിജെപിയിൽ ചേർന്നതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ബിജെപിക്ക് ഭരണം ഉറപ്പിക്കാൻ 8 സീറ്റുകളിലെ വിജയം മതിയായിരുന്നു

ഗുജറാത്തിൽ എട്ട് സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഏഴിടത്തും ബിജെപിയാണ് മുന്നിൽ. ഉത്തർപ്രദേശിൽ ഏഴ് സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നാലിടത്തും മുന്നിട്ട് നിൽക്കുന്നു. ബിഎസ്പി, എസ് പി, സ്വതന്ത്രൻ എന്നിവർ ഓരോ സീറ്റിലും മുന്നിട്ട് നിൽക്കുകയാണ്

ഒഡീഷയിൽ ബിജു ജനതാദളിനാണ് നേട്ടം. കർണാടകയിൽ രണ്ട് മണ്ഡലങ്ങളിലും ബിജെപിയാണ് മുന്നിൽ. ജാർഖണ്ഡിൽ ഒരിടത്ത് ബിജെപിയും ഒരിടത്ത് കോൺഗ്രസും മുന്നിട്ട് നിൽക്കുന്നു. നാഗാലാൻഡിൽ രണ്ട് സീറ്റുകളിൽ സ്വതന്ത്രരാണ് മുന്നിട്ട് നിൽക്കുന്നത്.

ഛത്തിസ്ഗഢിലും, ഹരിയാനയിലും കോൺഗ്രസാണ് മുന്നിൽ. അതേസമയം തെലങ്കാനയിൽ ബിജെപിയും ലീഡ് ചെയ്യുന്നു.