കൈക്കൂലി വാങ്ങുമ്പോൾ പിടി വീണു; ബിജെപി എംഎൽഎയുടെ മകന്റെ വീട്ടിൽ നിന്നും ആറ് കോടി കണ്ടെത്തി
 

 

കർണാടകയിലെ ബിജെപി എംഎൽഎ മദൽ വിരുപാക്ഷാപ്പയുടെ മകന്റെ വീട്ടിൽ നിന്നും ആറ് കോടി രൂപ പിടിച്ചെടുത്തു. ഐഎഎസ് ഉദ്യോഗസ്ഥനായ പ്രശാന്ത് മദലിന്റെ വീട്ടിൽ വെള്ളിയാഴ്ച രാവിലെയാണ് ലോകായുക്ത അഴിമതി വിരുദ്ധ സംഘം പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പ്രശാന്തിനെ ലോകായുക്ത പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളുടെ വസതിയിൽ പരിശോധന നടത്തിയത്

ഐഎഎസ് ഓഫീസറായ പ്രശാന്ത് കുമാർ ബംഗളൂരു കോർപറേഷൻ കുടിവെള്ളവിതരണ വിഭാഗത്തിലെ ചീഫ് അക്കൗണ്ട്‌സ് ഓഫീസറാണ്. 40 ലക്ഷം രൂപ ഒരു കോൺട്രാക്ടറിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. സോപ്പും ഡിറ്റർജന്റും നിർമിക്കാനുള്ള കരാർ നൽകാൻ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. 

81 ലക്ഷം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഇത് ലോകായുക്തയെ അറിയിക്കുകയായിരുന്നു. മൂന്ന് ബാഗുകളിലായി 40 ലക്ഷം രൂപയോടെയാണ് പ്രശാന്തിനെ അറസ്റ്റ് ചെയ്തത്.