{"vars":{"id": "89527:4990"}}

സി.ബി.എസ്.ഇ നിലപാട് മാറ്റി; വിദേശ ഭാഷകൾ പഠിക്കുന്ന 7 മുതൽ 9 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പത്താം ക്ലാസ് വരെ നിലവിലെ രീതി തുടരാം

 

ന്യൂഡൽഹി: സി.ബി.എസ്.ഇ സ്‌കൂളുകളിൽ വിദേശ ഭാഷകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർണായക തീരുമാനം. പുതിയ മുന്ന് ഭാഷാ നയം (Three-Language Policy) പെട്ടെന്ന് നടപ്പിലാക്കുമ്പോൾ 7, 8, 9 ക്ലാസുകളിൽ നിലവിൽ വിദേശ ഭാഷകൾ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് ഭാഷാ കോമ്പിനേഷൻ മാറ്റേണ്ടി വരില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ വ്യക്തമാക്കി. ഈ വിദ്യാർത്ഥികൾക്ക് അവരുടെ പത്താം ക്ലാസ് ബോർഡ് പരീക്ഷ വരെ നിലവിലെ ഭാഷാ കോമ്പിനേഷൻ തന്നെ തുടർന്ന് പഠിക്കാൻ അനുമതിയുണ്ടാകും.

​ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP 2020) ഭാഗമായി, 9, 10 ക്ലാസുകളിൽ മൂന്ന് ഭാഷകൾ നിർബന്ധമാക്കിക്കൊണ്ട് സി.ബി.എസ്.ഇ മുൻപ് ഉത്തരവിറക്കിയിരുന്നു. ഇതിൽ രണ്ട് ഭാഷകൾ ഇന്ത്യൻ ഭാഷകളായിരിക്കണം എന്നതായിരുന്നു നിയമം. എന്നാൽ, നിലവിൽ ഉയർന്ന ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇത് പെട്ടെന്ന് നടപ്പിലാക്കുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന ആശങ്ക ഉയർന്നതിനെ തുടർന്നാണ് ബോർഡ് ഇപ്പോൾ നിലപാട് മയപ്പെടുത്തിയത്.

​പുതിയ പരിഷ്‌കാരം ഇനിമുതൽ ആറാം ക്ലാസിലേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് മാത്രമേ ഘട്ടം ഘട്ടമായി നടപ്പിലാക്കൂ. നിലവിൽ രണ്ട് വിദേശ ഭാഷകൾ പഠിക്കുന്ന 7 മുതൽ 9 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് യാതൊരുവിധ പ്രതിസന്ധിയും ഉണ്ടാകില്ലെന്നും, ഇതനുസരിച്ചുള്ള പുതുക്കിയ സർക്കുലർ സി.ബി.എസ്.ഇ ഉടൻ പുറത്തിറക്കുമെന്നും മന്ത്രാലയം അറിയിച്ചു.