കേന്ദ്രം വിലക്കി; യുഎഇ യാത്ര ഉപേക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

 

യുഎഇ യാത്ര ഉപേക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് മീറ്റില്‍ പങ്കെടുക്കുന്നതിനായുളള അനുമതി തേടിയാണ് മുഖ്യമന്ത്രി കേന്ദ്രത്തെ സമീപിച്ചത്. എന്നാല്‍ മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യം ഇല്ലെന്ന് വ്യക്തമാക്കി കേന്ദ്രം യാത്ര വിലക്കുകയായിരുന്നു. 

ഈ മാസം എട്ട് മുതല്‍ പത്ത് വരെ നടക്കുന്ന അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് മീറ്റില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി തേടിയത്. യുഎഇ വാണിജ്യസഹമന്ത്രിയാണ് നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കുന്നതിനുള്ള ക്ഷണക്കത്ത് നല്‍കിയത്. കേരളത്തിന് നേരിട്ട് നല്‍കിയ കത്ത് കൂടി കേന്ദ്ര അനുമതി തേടിയുള്ള അപേക്ഷയില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടുത്തിയിരുന്നു. 

അനുമതി തേടിയുള്ള ഫയല്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ നേരിട്ടു പരിശോധിച്ചു. ഇതിന് ശേഷമാണ് മുഖ്യമന്ത്രിയോ മന്ത്രിമാരോ പങ്കെടുക്കേണ്ടതില്ല എന്ന നിലപാട് വിദേശകാര്യമന്താലയം കേരളത്തെ അറിയിച്ചത്. മന്ത്രിതലത്തിലുള്ള സംഘം പങ്കെടുക്കേണ്ട പ്രാധാന്യം പരിപാടിക്കില്ലെന്ന്  കേരളത്തിനയച്ച കത്തില്‍ കേന്ദ്രം വ്യക്തമാക്കുന്നു. അതേസമയം ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നതിനോട് എതിര്‍പ്പില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. 

മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കേണ്ട പ്രാധാന്യം ഇല്ലെന്ന നിലപാടില്‍ കേന്ദ്രം ഉറച്ചു നില്‍ക്കുകയാണ്. സാങ്കേതിക വിഷയങ്ങളാണ്  ഉന്നയിക്കുന്നതെങ്കിലും ഉന്നത രാഷ്ട്രീയ തീരുമാനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ യാത്ര വിദേശകാര്യമന്ത്രാലയം വിലക്കിയത് എന്നാണ് വിലയിരുത്തല്‍. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ക്ക് യുഎഇ നേരിട്ട് ക്ഷണം നല്‍കിയതും കേന്ദ്രത്തെ ചൊടിപ്പിച്ചിരിക്കാം. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രി പിഎ മുഹമ്മദ് റിയാസിനും മീറ്റില്‍ സംസാരിക്കാനുള്ള ക്ഷണം ഉണ്ടായിരുന്നു. വ്യവസായ മന്ത്രി, ചീഫ് സെക്രട്ടറി എന്നിവരെയും യുഎഇ സന്ദര്‍ശിക്കുന്ന സംഘത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.