സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രം എതിരല്ല; ഡിപിആർ പുതുക്കിയാൽ പരിശോധിക്കാമെന്ന് റെയിൽവേ മന്ത്രി
 

 

കേരളത്തിന്റെ സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രസർക്കാർ എതിരല്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. വികസനം വേഗത്തിൽ വരണമെന്ന കാഴ്ചപ്പാടാണുള്ളത്. ഇക്കാര്യത്തിൽ വിവേചനമില്ല. പക്ഷേ സിൽവർ ലൈൻ കേരളത്തിൽ രാഷ്ട്രീയ വിഷയമായത് വേദനിപ്പിച്ചെന്നും റെയിൽവേ മന്ത്രി പറഞ്ഞു. മനോരമയോടാണ് റെയിൽവേ മന്ത്രിയുടെ പ്രതികരണം

പദ്ധതിക്ക് കിലോമീറ്ററിന് 200-250 കോടി രൂപ വേണ്ടി വരും. കിലോമീറ്ററിന് 120 കോടിയാണ് സംസ്ഥാന സർക്കാർ കണക്കാക്കുന്നത്. പദ്ധതി തുടങ്ങിക്കഴിഞ്ഞാൽ ചെലവ് ഉയർത്താമെന്ന് ഉദ്ദേശിച്ചാണിത്. യാഥാർഥ്യ ബോധത്തോടെയുള്ള പദ്ധതിയല്ല സമർപ്പിച്ചത്. പുതിയ ഡിപിആർ സമർപ്പിച്ചാൽ പരിശോധിക്കാമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു

സിൽവർ ലൈനിൽ വീതി കുറഞ്ഞ പാതയാണ് വിഭാവനം ചെയ്തിരിക്കുന്നത്. രാജ്യത്താകെയുള്ള 70,000 കിലോമീറ്റർ ബ്രോഡ് ഗേജ് നെറ്റ് വർക്കുമായി ഈ 500 കിലോമീറ്റർ പാത ബന്ധിപ്പിക്കാൻ ബുദ്ധിമുട്ടാകും. ഒറ്റപ്പെട്ട കോറിഡോറായി ഇതുമാറും. നിലവിലെ പാത മെച്ചപ്പെടുത്തിയാൽ കേരളത്തിൽ ട്രെയിനിന്റെ വേഗം വർധിപ്പിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.