ചോദ്യപ്പേപ്പർ തട്ടിപ്പ് തടയാൻ കേന്ദ്ര നീക്കം; ജൂൺ 22 വരെ രാജ്യത്ത് ടെലഗ്രാം ഉപയോഗത്തിന് വിലക്ക്
ന്യൂഡൽഹി: രാജ്യത്ത് മെസ്സേജിങ് ആപ്പായ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ്-യുജി (NEET-UG 2026) പുനഃപരീക്ഷയുടെ പശ്ചാത്തലത്തിലാണ് നടപടി. പരീക്ഷാ അട്ടിമറികളും വ്യാജ ചോദ്യപ്പേപ്പർ വിതരണവും തടയുന്നതിനായി ജൂൺ 22 വരെ ടെലഗ്രാം ആക്സസ് ചെയ്യുന്നതിന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ, പഴയ സന്ദേശങ്ങൾ തിരുത്തി വ്യാജ ചോദ്യപ്പേപ്പർ ചോർച്ചാ തെളിവുകൾ നിർമ്മിക്കുന്നത് തടയാനായി ടെലഗ്രാമിലെ 'മെസ്സേജ് എഡിറ്റിങ്' ഫീച്ചറിന് ജൂൺ 30 വരെ ഇന്ത്യയിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
നീറ്റ് പരീക്ഷാർത്ഥികളെയും അവരുടെ കുടുംബങ്ങളെയും ലക്ഷ്യമിട്ട് വ്യാജ ചോദ്യപ്പേപ്പർ നൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് സംഘങ്ങൾ ടെലഗ്രാം ചാനലുകൾ വഴി പണം തട്ടാൻ ശ്രമിക്കുന്നതായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C), സി.ബി.ഐ എന്നിവയുടെ സഹകരണത്തോടെയുള്ള ഈ കർശന നടപടി.
താൽക്കാലിക നിയന്ത്രണം സാധാരണ ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും പരീക്ഷയുടെ സുതാര്യത ഉറപ്പാക്കാൻ ഇത് അനിവാര്യമാണെന്ന് എൻ.ടി.എ അറിയിച്ചു. ജൂൺ 21-ലെ നീറ്റ് പുനഃപരീക്ഷ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും ഔദ്യോഗിക വിവരങ്ങൾക്ക് എൻ.ടി.എ വെബ്‌സൈറ്റ് മാത്രം ആശ്രയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.