{"vars":{"id": "89527:4990"}}

വനിതാ സംവരണത്തിനും മണ്ഡല പുനർനിർണയത്തിനും പ്രാദേശിക പാർട്ടികളുടെ പിന്തുണ തേടി കേന്ദ്രം; മറ്റൊരു നിർണായക ബിൽ കൂടി മാറ്റിവെച്ചു

 

ന്യൂഡൽഹി: വനിതാ സംവരണ നിയമം വേഗത്തിൽ നടപ്പിലാക്കുന്നതിനും ലോക്സഭാ മണ്ഡലങ്ങളുടെ പുനർനിർണയത്തിനുമായി (Delimitation) പ്രാദേശിക-ചെറു കക്ഷികളുടെ പിന്തുണ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നീക്കം സജീവമാക്കി. ഇതിന്റെ ഭാഗമായി പാർലമെന്റ് സംയുക്ത സമിതിയുടെ പരിഗണനയിലായിരുന്ന മറ്റൊരു നിർണായക ബിൽ കൂടി കേന്ദ്ര സർക്കാർ തൽക്കാലത്തേക്ക് മാറ്റിവെച്ചു.

​'വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബില്ലിന്റെ' (Viksit Bharat Shiksha Adhishthan Bill) തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന സംയുക്ത സമിതി യോഗമാണ് റദ്ദാക്കിയത്. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ബിൽ കഴിഞ്ഞ ദിവസം മാറ്റിവെച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം.

​വനിതാ സംവരണവും മണ്ഡല പുനർനിർണയവും പ്രതിപക്ഷ നിരയിലെയും എൻ.ഡി.എയിലെയും പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെ പാസാക്കിയെടുക്കുക എന്നതാണ് സർക്കാരിന്റെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യം. ഇതിനായി വിവാദ വിഷയങ്ങളിലുള്ള ബില്ലുകൾ തൽക്കാലം മാറ്റിവെച്ച്, പ്രാദേശിക കക്ഷികളുമായി സമവായത്തിലെത്താനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ശ്രമം നടക്കുന്നത്. 2029-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി വനിതാ സംവരണം യാഥാർത്ഥ്യമാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.