സി.ജെ.പി പ്രതിനിധികളുമായി കേന്ദ്രസർക്കാർ ചർച്ച ഇന്ന്; നീറ്റ് വിവാദത്തിൽ നിർണായക നീക്കം
ന്യൂഡൽഹി: നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയിലും വിദ്യാഭ്യാസ മേഖലയിലെ അഴിമതികളിലും പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്ത് സമരം തുടരുന്ന കോക്രോച്ച് ജനതാ പാർട്ടി (CJP) പ്രതിനിധികളുമായി കേന്ദ്രസർക്കാർ ഇന്ന് ചർച്ച നടത്തും. 12:30 നാണ് ചർച്ച നടക്കുന്നത്. പ്രതിഷേധം ശക്തമാവുകയും ഡൽഹിയിൽ യുവജന പ്രക്ഷോഭം പടരുകയും ചെയ്ത സാഹചര്യത്തിലാണ് നിർണായക നീക്കവുമായി കേന്ദ്രം രംഗത്തെത്തിയത്.
സമരക്കാരുമായി മുൻവിധികളില്ലാതെ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങൾ ഗൗരവമായി കാണുന്നുണ്ടെന്നും പാർലമെന്റിലടക്കം വിഷയങ്ങൾ ചർച്ച ചെയ്യാൻ മടിയില്ലെന്നുമാണ് സർക്കാരിന്റെ നിലപാട്.
എന്നാൽ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയും പരീക്ഷാ ക്രമക്കേടുകളിൽ വ്യക്തമായ നടപടിയും വേണമെന്ന നിലപാടിൽ സി.ജെ.പി ഉറച്ചുനിൽക്കുകയാണ്. ജന്തർ മന്തറിലെ പന്തലുകൾ പൊലീസ് പൊളിച്ചുനീക്കിയിട്ടും കടുത്ത മഴയും ചൂടും അവഗണിച്ച് പ്രവർത്തകർ സമരം തുടരുന്നതിനിടെയാണ് ഇന്നത്തെ ചർച്ച.