ചലോ സൻസദ്' മാർച്ച്; 'അധികാര ദുർവിനിയോഗം' ആരോപിച്ചു പൊലീസുകാരന്റെ പ്രതിച്ഛായ തകർക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: പ്രതിഷേധിക്കാനുള്ള മൗലികാവകാശം രാജ്യത്തിന്റെ പരമാധികാര സ്ഥാപനങ്ങളെ അപകടപ്പെടുത്താനുള്ളതല്ലെന്നും, ക്രമസമാധാന പാലനത്തിനിടയിൽ 'അധികാര ദുർവിനിയോഗം' ഉണ്ടായെന്ന് ആരോപിച്ചു മാത്രം ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനാകില്ലെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കി.
നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ നടന്ന 'ചലോ സൻസദ്' മാർച്ചിനിടെ സ്ത്രീയെ മർദിക്കുന്ന വീഡിയോ പുറത്തുവന്നതിന്റെ പേരിൽ, ഡൽഹി പൊലീസ് അഡീഷണൽ ഡിസിപി സന്ദീപ് ലാംബയെ അന്വേഷണ ചുമതലകളിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ഗിരീഷ് കഥ്പാലിയയുടെ നിരീക്ഷണം.
ഒരു വീഡിയോ ക്ലിപ്പിൽ സ്ത്രീയെ തല്ലുന്നത് കണ്ടതുകൊണ്ടു മാത്രം ഒരു ഉദ്യോഗസ്ഥനെ പൂർണ്ണമായും കുറ്റക്കാരനായി മുദ്രകുത്താനാകില്ല. അന്നത്തെ സാഹചര്യത്തിൽ ജനക്കൂട്ടം പാർലമെന്റിലേക്ക് അതിക്രമിച്ചു കയറിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ നമ്മൾ ചിന്തിക്കേണ്ടതുണ്ട്. പരമാധികാര കേന്ദ്രത്തിലേക്ക് പ്രതിഷേധക്കാർ അടുക്കുമ്പോൾ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികളുടെ പേരിൽ മാത്രം അദ്ദേഹത്തെ അപമാനിക്കാൻ കഴിയില്ല — ഡൽഹി ഹൈക്കോടതി
പൊലീസ് ഉദ്യോഗസ്ഥർക്കും ന്യായമായ നടപടിക്രമങ്ങൾക്ക് അവകാശമുണ്ടെന്നും ഒരു സംഭവത്തിലെ വീഡിയോ തെളിവാക്കി മറ്റെല്ലാ കാര്യങ്ങളിലും അദ്ദേഹം പക്ഷപാതിത്വം കാണിക്കുമെന്ന് കരുതാനാകില്ലെന്നും കോടതി വ്യക്തമാക്കി.