ജമാ മസ്ജിദ് പാക്കിസ്ഥാനിൽ അല്ലല്ലോ, അവിടെന്താ പ്രതിഷേധിച്ചൂടെ; ആസാദിന്റെ അറസ്റ്റിനെതിരെ രൂക്ഷ വിമർശനവുമായി കോടതി

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ഡൽഹി ജമാ മസ്ജിദ് പരിസരത്ത് നിന്നും ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ അറസ്റ്റ് ചെയ്തതിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി തീസ് ഹസാരി
 

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ഡൽഹി ജമാ മസ്ജിദ് പരിസരത്ത് നിന്നും ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ അറസ്റ്റ് ചെയ്തതിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി തീസ് ഹസാരി കോടതി. ജമാ മസ്ജിദിൽ പ്രതിഷേധിക്കുന്നതിൽ എന്താണ് തെറ്റെന്ന് കോടതി ചോദിച്ചു. ജമാ മസ്ജിദ് എന്താണ് പാക്കിസ്ഥാനിലാണോ, അവിടെയെന്താ പ്രതിഷേധിച്ചൂടെ, പ്രതിഷേധിക്കുന്നത് ഭരണഘടനാപരമായ അവകാശമാണെന്ന് അറിയില്ലേ എന്നായിരുന്നു കോടതിയുടെ ചോദ്യങ്ങൾ

തീഹാർ ജയിലിൽ കഴിയുന്ന ചന്ദ്രശേഖർ ആസാദിന്റെ ജാമ്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ജമാ മസ്ജിദിന് സമീപത്തുള്ള ദരിയ ഗഞ്ചിൽ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ആസാദിനെ അറസ്റ്റ് ചെയ്തത്. കലാപത്തിനും അക്രമത്തിനും ആസാദ് ആഹ്വാനം ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.

ധർണയിലെ പ്രതിഷേധത്തിലോ എന്താണ് തെറ്റ്. നിങ്ങളുടെ ചിന്ത എന്താണ്. പ്രതിഷേധിക്കുകയെന്നത് ഒരു പൗരന് ഭരണഘടന നൽകുന്ന അവകാശമാണെന്നും ഡൽഹി പോലീസിന് വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടറോട് കോടതി പറഞ്ഞു. പ്രതിഷേധം നടന്നതിനെ കുറിച്ച് പോലീസ് വിവരിക്കുന്നത് കേട്ടാൽ ജമാ മസ്ജിദ് പാക്കിസ്ഥാനിലാണെന്ന് തോന്നുമല്ലോയെന്നും കോടതി വിമർശിച്ചു.

പ്രതിഷേധിക്കാൻ മുൻകൂട്ടി അനുമതി വാങ്ങുന്നത് എന്തിനാണ്. തുടർച്ചയായി നിരോധനാജ്ഞ നടപ്പാക്കാൻ സെക്ഷൻ 144 പ്രഖ്യാപിക്കുന്നത് അധികാര ദുർവിനിയോഗമാണെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. നിങ്ങൾ ഭരണഘടന വായിച്ചിട്ടില്ലേയെന്നും കോടതി ചോദിച്ചു.