കർണാടകയിൽ ഭരണമാറ്റം; സിദ്ധരാമയ്യയോട് രാജിവെക്കാൻ ഹൈക്കമാൻഡ് നിർദ്ദേശം: ഡി.കെ ശിവകുമാർ മുഖ്യമന്ത്രിയായേക്കും
ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോട് പദവി ഒഴിയാൻ കോൺഗ്രസ് ഹൈക്കമാൻഡ് ആവശ്യപ്പെട്ടതായി സൂചന. പുതിയ മുഖ്യമന്ത്രിയായി ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ വരുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ആഭ്യന്തര മന്ത്രി ജി. പരമേശ്വര തുടങ്ങിയ പ്രമുഖ ദളിത് നേതാക്കളുടെ പേരുകൾ സജീവമായി പരിഗണനയിലുണ്ടായിരുന്നെങ്കിലും, ഒടുവിൽ ഡി.കെ ശിവകുമാറിന് അനുകൂലമായാണ് പാർട്ടി നേതൃത്വം തീരുമാനമെടുത്തത്. കർണാടക കോൺഗ്രസ് അധ്യക്ഷൻ കൂടിയായ ശിവകുമാറിന് പ്രിയങ്ക ഗാന്ധിയുടെ ശക്തമായ പിന്തുണയുണ്ട്.
2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും തമ്മിൽ ഉണ്ടാക്കിയ രണ്ടര വർഷത്തെ അധികാര പങ്കിടൽ കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഡൽഹിയിൽ കോൺഗ്രസ് നേതൃത്വവുമായി നടത്തിയ നിർണായക കൂടിക്കാഴ്ചയ്ക്ക് ശേഷം ശിവകുമാർ തന്റെ യാത്രാ പദ്ധതികളിൽ മാറ്റം വരുത്തി വ്യാഴാഴ്ച പുലർച്ചെ ബെംഗളൂരുവിലേക്ക് മടങ്ങും. പുതിയ നിയമസഭാ കക്ഷി നേതാവിനെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നതിനായി വെള്ളിയാഴ്ച കോൺഗ്രസ് നിയമസഭാ കക്ഷി (CLP) യോഗം ചേരാൻ സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഡി.കെ ശിവകുമാറുമായും സിദ്ധരാമയ്യയുമായും പ്രത്യേക കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് സിദ്ധരാമയ്യയോട് സ്ഥാനമൊഴിയാൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത്. അടുത്ത സുഹൃത്തുക്കളുമായി ആലോചിക്കാൻ സിദ്ധരാമയ്യ സമയം ചോദിച്ചതായും ഹൈക്കമാൻഡ് ഇത് സമ്മതിച്ചതായും പറയപ്പെടുന്നു.
തുടർന്ന് ഡൽഹിയിലെ ഊർജ മന്ത്രി കെ.ജെ ജോർജിന്റെ വസതിയിൽ അടുത്ത മന്ത്രിമാരുമായി സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തി. രാഹുൽ ഗാന്ധി ആവശ്യപ്പെട്ട സാഹചര്യത്തിൽ താൻ ഉടൻ തന്നെ രാജി സമർപ്പിക്കുമെന്ന് അദ്ദേഹം മന്ത്രിമാരെ അറിയിച്ചതായാണ് വിവരം. സുഗമമായ ഭരണമാറ്റത്തിന് മേൽനോട്ടം വഹിക്കാൻ കർണാടകയുടെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാലയും ബെംഗളൂരുവിലേക്ക് തിരിക്കുന്നുണ്ട്.