{"vars":{"id": "89527:4990"}}

കുട്ടികളെ ചൂഷണം ചെയ്യുന്നത് ക്രൂരമായ കുറ്റം; ഇത്തരം ഉള്ളടക്കങ്ങൾ ഞങ്ങളുടെ ആപ്പുകളിൽ അനുവദിക്കില്ല: നിലപാട് വ്യക്തമാക്കി മെറ്റ

 

ന്യൂഡൽഹി: കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളും ചൂഷണങ്ങളും കടുത്ത കുറ്റകൃത്യമാണെന്നും തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇത്തരം ഉള്ളടക്കങ്ങൾ ഒരു തരത്തിലും അനുവദിക്കില്ലെന്നും വ്യക്തമാക്കി ഫെയ്‌സ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റ. ഇൻസ്റ്റഗ്രാം പരസ്യങ്ങളിലൂടെ കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ പ്രചരിക്കുന്നുവെന്ന വാർത്തകൾ പുറത്തുവന്നതിനെ തുടർന്ന് കേന്ദ്ര സർക്കാർ കമ്പനിക്ക് കർശനമായ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി മെറ്റ രംഗത്തെത്തിയത്.

​ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളെ തടയാൻ തങ്ങൾ അതീവ ജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നതെന്ന് മെറ്റ തങ്ങളുടെ ഔദ്യോഗിക ബ്ലോഗിലൂടെ അറിയിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ സഹായത്തോടെ കഴിഞ്ഞ വർഷം ആഗോളതലത്തിൽ കുട്ടികളുമായി ബന്ധപ്പെട്ട സംശയകരമായ 40 ലക്ഷത്തിലധികം അക്കൗണ്ടുകൾ നീക്കം ചെയ്‌തിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.

​ഇന്ത്യയിൽ കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണങ്ങൾ തടയുന്നതിനുള്ള 'പോക്‌സോ' (POCSO) നിയമപ്രകാരമുള്ള കർശന നടപടികൾ ഉറപ്പാക്കുന്നുണ്ടെന്നും, തെറ്റായ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്ന പരസ്യങ്ങളും ലിങ്കുകളും പൂർണ്ണമായി തടയാൻ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും മെറ്റ അറിയിച്ചു.