സംഘർഷത്തിൽ ചൈനീസ് കമാൻഡറും കൊല്ലപ്പെട്ടു; സന്നാഹങ്ങൾ ശക്തമാക്കി ഇരുപക്ഷവും, സ്ഥിതി സ്‌ഫോടനാത്മകം

ലഡാക്കിലെ ഗാൽവാൻ താഴ് വരയിലുണ്ടായ സംഘർഷത്തിൽ ചൈനീസ് കമാൻഡിംഗ് ഓഫീസറും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇന്ത്യൻ സൈനികവൃത്തങ്ങളാണ് ഇതുസംബന്ധിച്ച സ്ഥിരീകരണം നടത്തുന്നത്. ഇന്ത്യയുടെ കേണൽ ഉൾപ്പെടെ 20 സൈനികർ
 

ലഡാക്കിലെ ഗാൽവാൻ താഴ് വരയിലുണ്ടായ സംഘർഷത്തിൽ ചൈനീസ് കമാൻഡിംഗ് ഓഫീസറും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇന്ത്യൻ സൈനികവൃത്തങ്ങളാണ് ഇതുസംബന്ധിച്ച സ്ഥിരീകരണം നടത്തുന്നത്. ഇന്ത്യയുടെ കേണൽ ഉൾപ്പെടെ 20 സൈനികർ സംഘർഷത്തിൽ കൊല്ലപ്പെട്ടിരുന്നു. ചൈനയുടെ ഭാഗത്ത് നിന്ന് 43 സൈനികരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് കരസേന വൃത്തങ്ങൾ നൽകുന്ന സൂചന

അതേസമയം ഇതുസംബന്ധിച്ച് ചൈനീസ് മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. സൈനികർക്ക് പരുക്ക് പറ്റിയെന്ന് മാത്രമാണ് ചൈന ഇതുവരെ അറിയിച്ചിരിക്കുന്നത്. മരണം സംബന്ധിച്ച യാതൊന്നും അവർ പുറത്തുവിട്ടിട്ടില്ല.

ഡൽഹിയിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുകയാണ്. ചൈന പ്രകോപനം തുടരന്ന സാഹചര്യത്തിൽ അതിർത്തിയിൽ സൈനിക വിന്യാസം ശക്തമാക്കാനാണ് നിർദേശം. സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിനാണ് ഏകോപന ചുമതല നൽകിയിരിക്കുന്നത്.

അതിർത്തി ജില്ലകലിൽ കൂടുതൽ സൈനികരെ എത്തിക്കും. ആയുധവിന്യാസവും വർധിപ്പിക്കും. ചൈനീസ് സേന കരാർ ലംഘനം നടത്തുകയാണെന്ന് കരസേന നേരത്തെ വാർത്താക്കുറിപ്പിലൂടെ ആരോപിച്ചിരുന്നു.