{"vars":{"id": "89527:4990"}}

ഒറിജിനല്‍ സിഗരറ്റിന്റെ വില നല്‍കിയാലും കിട്ടുന്നത് വ്യാജനെന്ന് പരാതി; വ്യാജന്‍ വരുന്നത് വിമാനത്താവളങ്ങള്‍ വഴി

 
കൊച്ചി: സിഗരറ്റിന് 68 ശതമാനം നികുതി ഏര്‍പ്പെടുത്തിയിട്ടുള്ള ഒരു രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ സിഗററ്റിന് വിദേശങ്ങളിലേക്കാള്‍ എത്രയോ നിര്‍മ്മാണച്ചെലവ് കുറവുമാണ്. എന്നാല്‍ വ്യാജനെക്കൊണ്ട് രക്ഷയില്ലെന്നാണ് പുകവലിക്കാരുടെ ആരോപണം. ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള ഗോള്‍ഡ് ഫ്ളേക്ക് സിഗരറ്റിനാണ് വ്യാജന്‍മാരുടെ ആക്രമണം ഏറ്റവും കൂടുതല്‍ നേരിടേണ്ടിവരുന്നത്. സിഗററ്റ് വലി ആരോഗ്യത്തിന് ഹാനികരമാണെന്നുള്ള മുന്നറിയിപ്പും ക്യാന്‍സര്‍ ചിത്രങ്ങളും രേഖപ്പെടുത്തിയ സിഗററ്റുകള്‍ മാത്രമേ ഇന്ത്യയില്‍ വില്‍ക്കാനാകൂ. ഇവയെല്ലാം അച്ചടിച്ചാണ് ഇത്തരത്തിലുള്ള വിദേശവ്യാജ സിഗററ്റുകകളും എത്തുന്നത്. തിരുവനന്തപുരം, നെടുമ്പാശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് സിഗരറ്റ് കടത്ത്. കള്ളക്കടത്ത് തുടങ്ങിയിട്ട് കുറച്ചു കാലമേ ആയള്ളൂ. ബാഗേജുകളില്‍ ഒളിപ്പിച്ചാണ് വ്യാജ ഇന്ത്യന്‍ സിഗരറ്റ് കേരളത്തിലേക്ക് കടത്തുന്നത്. രണ്ടര ടണ്‍ സിഗരറ്റാണ് കൊച്ചി കസ്റ്റംസ് അധികൃതര്‍ കഴിഞ്ഞദിവസം കത്തിച്ചുകളഞ്ഞത്. അമ്പലമേടിലെ മാലിന്യസംസ്‌കരണ കമ്പനിയായ കേരള എന്‍വിറോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിലെ ഇന്‍സിനറേറ്ററില്‍ വെള്ളിയാഴ്ചയായിരുന്നു മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പ്രത്യേക അനുമതിയോടെ സിഗററ്റ് കത്തിക്കല്‍ ചടങ്ങ് നടന്നത്. പതിനായിരത്തോളം സിഗരറ്റ് പെട്ടികളാണ് ഇത്തരത്തില്‍ ലോറിയില്‍ ഐലന്‍ഡിലെ ഗോഡൗണില്‍നിന്ന് കത്തിക്കാനായി എത്തിച്ചത്. പ്രമുഖ ബ്രാന്‍ഡായ ഗോള്‍ഡ് ഫ്ളേക്കിന്റെ കിംഗ് സൈസ് റെഡ്, ബ്ളൂ ബ്രാന്‍ഡുകളുടെ വ്യാജനായിരുന്നു അഗ്നിക്കിരയായത്.