ത്രിപുരയിലെ കോൺഗ്രസ് സഖ്യം: സിപിഎമ്മിൽ ഭിന്നത; പിബിയിൽ ചർച്ചയാകും
 

 

ത്രിപുര തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കോൺഗ്രസ് സഖ്യം തുടരണമോയെന്നതിൽ സിപിഎമ്മിൽ ഭിന്നത. പോളിറ്റ് ബ്യൂറോ യോഗത്തിൽ കേരളം ഇക്കാര്യം ഉന്നയിക്കും. സഹകരണം കൊണ്ട് നേട്ടമുണ്ടായത് കോൺഗ്രസിന് മാത്രമാണെന്ന് ഒരു വിഭാഗം നേതാക്കൾ വാദിക്കുന്നു. സിപിഎമ്മിന് വോട്ടും സീറ്റും കുറഞ്ഞ സാഹചര്യത്തിലാണ് വിമർശനം

പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് കോൺഗ്രസ് സഹകരണവുമായി മുന്നോട്ടുപോയത്. കോൺഗ്രസുമായി ദേശീയ രാഷ്ട്രീയ സഖ്യമില്ലെന്ന അടവുനയം തുടരാനാണ് പാർട്ടി കോൺഗ്രസിൽ തീരുമാനമായത്. 

ബംഗാളിലെന്ന പോലെ സഹകരണം എന്ന തന്ത്രമാണ് ത്രിപുരയിലും പരീക്ഷിച്ചത്. ഇതിന്റെ ഭാഗമായി 17 സീറ്റുകൾ കോൺഗ്രസിന് നൽകി. സിപിഎമ്മിന് ഇത്തവണ 11 സീറ്റ് മാത്രമാണ് നേടാനായത്. കഴിഞ്ഞ തവണ ഒരു സീറ്റ് പോലും കിട്ടാതിരുന്ന കോൺഗ്രസിനാകട്ടെ നാല് സീറ്റ് നേടാനുമായി.