{"vars":{"id": "89527:4990"}}

വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ കോൺഗ്രസ് അവഗണിച്ചു, നുഴഞ്ഞുകയറ്റക്കാരെ പ്രോത്സാഹിപ്പിച്ചു: പ്രധാനമന്ത്രി
 

 

കോൺഗ്രസിനെ കടന്നാക്രമിച്ച് അസമിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. നുഴഞ്ഞുകയറ്റക്കാരെ പ്രോത്സാഹിപ്പിച്ച കോൺഗ്രസ് സർക്കാർ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ അവഗണിച്ചെന്നും മേഖല സമാധാനത്തിലേക്ക് മടങ്ങിയത് ബിജെപിയുടെ കാലത്താണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുവാഹത്തിയിൽ ഭാസ്‌കർ വർമൻ പാലം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. നുഴഞ്ഞുകയറ്റക്കാരുടെ കൈകളിലേക്ക് വീണ്ടും അസം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളെ നൽകാനുള്ള ശ്രമങ്ങളാണ് കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പുൽവാമയ്ക്കും പഹൽഗാമിനും നൽകിയ തിരിച്ചടികൾ പ്രധാനമന്ത്രി ഓർമിപ്പിച്ചു. ചൈന അതിർത്തിയോട് ചേർന്നുള്ള മൊറാൻ ബൈപാസ് എയർ സ്ട്രിപ്പ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തിരുന്നു. ഇത് അസമിനെ സംബന്ധിച്ച് തന്ത്രപ്രധാനമാണ്. വടക്കു കിഴക്കൻ മേഖലയിലെ ആദ്യത്തെ ഹൈവേ അധിഷ്ഠിത എമർജൻസി ലാൻഡിങ് സംവിധാനമാണിത്. ദേശീയപാതയിലെ എയർസ്ട്രിപ്പിൽ പ്രധാനമന്ത്രി വ്യോമസേന വിമാനത്തിൽ ഇറങ്ങിയാണ് ഉദ്ഘാടനം ചെയ്തത്.